മലന്പുഴ: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 4.800 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. വിശാഖപട്ടണത്തുനിന്നു ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്.
ട്രെയിനിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതു കണ്ട് കഞ്ചാവ് ബാഗും എടുത്ത് പ്ലാറ്റ്ഫോമിൽ കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടുകയായിരുന്നു.
പോക്സോ, വധശ്രമം അടക്കം 10 കേസുകളിൽ പ്രതിയായ തൃശൂർ കുന്നംകുളം പോർക്കുളം കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39), പോക്സോ കേസ് അടക്കം മൂന്നു കേസുകളിൽ പ്രതിയായ കുന്നംകുളം പോർക്കുളം ഏഴികോട്ടിൽ വീട്ടിൽ ദീപു (31), വലപ്പാട് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയായ തളിക്കുളം സ്വദേശി അറയ്ക്കൽപറന്പിൽ രാജി (32) എന്നിവരാണ് പിടിയിലായത്.
കുന്നംകുളം ഭാഗങ്ങളിൽ ചില്ലറവില്പനയ്ക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്നു പ്രതികൾ വെളിപ്പെടുത്തി. ഇതിനുമുൻപും ഇവർ കഞ്ചാവ് കടത്തിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിനിൽ നിന്നു മാത്രം 33.5 കിലോ കഞ്ചാവും അഞ്ചു പ്രതികളെയുമാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും നടത്തിയ പരിശോധനയിൽ പിടികൂടിയത്.
പരിശോധനയിൽനിന്നു രക്ഷപ്പെടുന്നതിനായി സ്ത്രീകളെ കൂട്ടി കുടുംബമായി യാത്ര ചെയ്യുന്നതുപോലെ കഞ്ചാവ് കടത്തുന്നതു പതിവായിരിക്കുകയാണെന്ന് ആർപിഎഫ് കമൻഡാന്റ് ജെതിൻ ബി.രാജ് അറിയിച്ചു.
എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എം.രാകേഷിന്റെ നിർദേശപ്രകാരം നടത്തിയ പരിശോധനയിൽ സിഐ പി.കെ.സതീഷ്, ആർപിഎഫ് എഎസ്ഐമാരായ കെ.സജു, സജി അഗസ്റ്റിൻ, എൻ.അജീഷ്, എൻ.അശോക്, അശ്വതി, സിവിൽ എക്സൈസ് ഓഫീസർമാരായ ഫൈസൽ റഹ്മാൻ, സുനിൽകുമാർ, കെ.മുരളി മോഹൻ, ജി.ഷിജു, രഞ്ജിനി എന്നിവരുമുണ്ടായിരുന്നു.