കൊച്ചി: കുഴൽപ്പണം, മയക്കുമരുന്ന് എന്നിവ റാഞ്ചാനും ക്വട്ടേഷൻ സംഘം സജീവമെന്നു വിവരം. കേരള-തമിഴ്നാട് അതിർത്തിയിൽ പ്രവർത്തിച്ചുവരുന്ന സംഘത്തെ സംബന്ധിച്ച വിവരങ്ങൾ അധികൃതർക്കു ലഭിച്ചതായാണു സൂചന. ഇന്നലെ എക്സൈസ് പിടിയിലായ സംഘം ഇത്തരത്തിലുള്ള ക്വട്ടേഷൻ സംഘങ്ങളുടെ കണ്ണികൾ മാത്രമാണോയെന്നും അധികൃതർ പരിശോധിച്ചുവരികയാണ്.
ഹൈവേ സ്റ്റഫ് തഗ്സ് എന്ന പേരിൽ കേരള-തമിഴ്നാട് അതിർത്തിയിൽ കഞ്ചാവ് കടത്തി കൊണ്ടുവരുന്നവരെ ഭീഷണിപ്പെടുത്തി കഞ്ചാവു തട്ടിയെടുത്ത് വിൽപ്പന നടത്തി വന്നിരുന്ന മലപ്പുറം സ്വദേശികളായ നാലംഗ ക്വട്ടേഷൻ സംഘത്തെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണു പിടികൂടിയത്. മലപ്പുറം തിരൂർ മുത്തൂർ സ്വദേശി ചെന്ത്രത്തിൽ റാഫിദ് (27), കൂട്ടാളികളായ പുത്തൂർ സ്വദേശി അനൂപ് (27), തിരൂർ കാവഞ്ചേരി സ്വദേശി യാസീർ (31), കുട്ടായി സ്വദേശി അൻവർ (37) എന്നിവരാണ് പിടിയിലായത്.
ഇവരിൽനിന്നും നാല് കിലോ കഞ്ചാവും കാറും പിടിച്ചെടുത്തു. മയക്കു മരുന്നു മാഫിയയ്ക്കെതിരേ എക്സൈസ് വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ വിശുദ്ധിയുടെ ഭാഗമായിരുന്നു പരിശോധനകൾ. രഹസ്യ വിവരത്തെ തുടർന്ന് കണ്ടെയ്നർ റോഡിൽ വാഹന പരിശോധന നടത്തിവരവേയാണു സംഘത്തെ പിടികൂടിയത്.
പരിശോധന ശ്രദ്ധയിൽപ്പെട്ടതോടെ കാറുമായി കടന്നു കളയാൻ ശ്രമിച്ച സംഘത്തെ ചേസ് ചെയ്തു പിടികൂടാൻ ശ്രമിക്കവേ ഉദ്യോഗസ്ഥരെ ആക്രമിച്ചെങ്കിലും മൽപ്പിടുത്തത്തിലൂടെ കീഴടക്കുകയായിരുന്നുവെന്ന് എക്സൈസ് വ്യക്തമാക്കി.
തമിഴ്നാട്ടിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘം തന്നെ മലയാളികളായ ഇടപാടുകാരെ സംബസിച്ചുള്ള വിവരം ഇത്തരം സംഘങ്ങൾക്കു ചോർത്തി നൽകി ലാഭവിഹിതം കൈപ്പറ്റി വരുന്നുണ്ട്. ആക്രമിക്കപ്പെട്ടാലും ഇരകൾക്ക് പരാതിപെടാനാവാത്തതും ഇത്തരം സംഘങ്ങൾക്ക് നേട്ടമാണ്.
മുൻപ് ഇവരുടെ അക്രമത്തിനിരയായവർ ചോർത്തി നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണു പ്രതികളെ പിടികൂടാൻ സഹായകമായത്. പ്രതികൾക്കെതിരേ കഞ്ചാവു കടത്തിയതിനും ഗുഡാലോചനയ്ക്കും എക്സൈസ് കേസെടുത്തു.