സ്വന്തം ലേഖകൻ
കാഞ്ഞാണി: വിൽപ്പനക്കായി കൊണ്ടുവന്ന 45 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ രണ്ട് എൻജിനീയറിംഗ് വിദ്യാർഥികളുടേയും ഫോണ് കോളുകൾ പോലീസ് വിശദമായി പരിശോധിക്കും. ഇവർക്ക് അയൽ സംസ്ഥാനങ്ങളിൽ കഞ്ചാവ് ലോബിയുമായുള്ള ബന്ധം മനസിലാക്കുന്നതിനും അതുവഴി ആന്ധ്രയിലേയും തമിഴ്നാട്ടിലേയും കർണാടകയിലേയും കഞ്ചാവ് ലോബികളിലേക്കും ചെന്നെത്താനാണ് പോലീസിന്റെ നീക്കം.
ഇതിനായി കഴിഞ്ഞദിവസം അറസ്റ്റിലായ ആലുവ കൊളങ്ങാട്ടുപറന്പൽ വീട്ടിൽ അഹമ്മദ് (21), പട്ടാന്പി ഹരിദിവ്യത്തിൽ രോഹിത് (21) എന്നിവരുടെ സി.ഡി.ആർ ( കോൾ ഡാറ്റാ റെക്കോർഡ്സ്) പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.ഇരുവരും അറസ്റ്റിലായെന്ന് വാർത്തയറിഞ്ഞതോടെ ഇവരുമായി ബന്ധമുള്ള ചെറുകിട കച്ചവടക്കാരും ഇവരിൽ നിന്ന് സ്ഥിരമായി കഞ്ചാവ് വാങ്ങിയിരുന്നവരും ഫോണുകൾ ഓഫ് ചെയ്ത് മുങ്ങിയിരിക്കുകയാണെന്നാണ് സൂചന.
സാന്പത്തികമായി മെച്ചപ്പെട്ട നിലയിൽ കഴിയുന്ന അഹമ്മദും രോഹിതും ലക്ഷങ്ങൾ മുടക്കി അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവരുന്നത് അതിലേറെ ലക്ഷങ്ങൾ ഇവിടെ ഇത് വിൽപന നടത്തിയുണ്ടാക്കിയെടുക്കാമെന്ന ഉറപ്പിലായിരുന്നു. ആന്ധ്രയിലേയും മറ്റും കഞ്ചാവ് ലോബിയുടെ വിശ്വാസ്യതയും ഇവർ നേടിയിരുന്നു. അതുകൊണ്ടാണ് ഇത്രയേറെ കഞ്ചാവ് ഇവർക്ക് ലഭിച്ചതെന്നാണ് വിവരം.
ഇവരിൽനിന്നു കഞ്ചാവ് വാങ്ങിയിരുന്നുവെന്ന് കരുതുന്ന വിദ്യാർഥികളും പോലീസ് നിരീക്ഷണത്തിലാണ്. മേഖലയിലെ ചെറുകിട കഞ്ചാവ് വിൽപനക്കാരുമായി അറസ്റ്റിലായവർക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും പോലീസ് ഉറച്ചുവിശ്വസിക്കുന്നു. കാഞ്ഞാണി ബസ് സ്റ്റാൻഡ് പരിസരത്ത് വലിയ രണ്ടു ട്രോളി ബാഗിലായി കഞ്ചാവുമായി ഇടനിലക്കാരെ കാത്തുനിന്ന പ്രതികളെ പോലീസ് അതിവിഗ്ധമായി കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.
അന്തിക്കാട്ടും തീരദേശ മേഖലയിലുമുള്ള ഇടനിലക്കാർക്ക് എത്തിച്ച കഞ്ചാവാണു പിടിച്ചെടുത്തത്. ആന്ധ്രയിൽനിന്നാണ് പ്രതികൾ കഞ്ചാവ് വരുത്തുന്നത്. ആഡംബര ജീവിതത്തിനു പണം കണ്ടെത്താനാണു കഞ്ചാവ് വില്പന നടത്തിയിരുന്നത്. രണ്ടു വർഷമായി ആന്ധ്ര, ഒഡീഷ എന്നിവടങ്ങളിൽനിന്നാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവരുന്നത്. മുംബൈ, പൂനെ, ബംഗളൂരൂ, കന്പം, തേനി എന്നിവടങ്ങളിലും ഏജൻറുമാരുമുണ്ട്.
കൊരട്ടിയിലെ വാടക വീട്ടിലാണ് ഇവർ കഞ്ചാവ് ശേഖരിക്കുന്നത്. ആവശ്യക്കാർ പറയുന്ന സ്ഥലത്ത് കഞ്ചാവ് എത്തിച്ച് നൽകുന്നതാണ് വില്പന രീതി. പോലീസിന്റെ കണ്ണിൽ പെടാതെ അതിവേഗം സഞ്ചരിക്കാനും ആവശ്യക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകാനും ബൈക്കിൽ പുലർച്ചെയാണ് ഇവരുടെ സഞ്ചാരം. കേരളത്തിന്റെ പല ഭാഗത്തേക്കും ഇവർ കഞ്ചാവെത്തിച്ചിട്ടുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കേരളമൊട്ടാകെയും അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.