ആറ്റിങ്ങല്‍: കുത്തിവയ്പ്പിനുള്ള ഉപകരണങ്ങളുമായി ആലംകോട് മുസ്ലീം ജമാഅത്തിലെ ശുചിമുറിയില്‍ കയറിയയാളെ പള്ളിയിലുണ്ടായിരുന്നവര്‍ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. കൊല്ലം ഇരവിപുരം സ്വദേശിയും മണമ്പൂര്‍ തോട്ടയ്ക്കാട് നൗഷാദ് മന്‍സിലില്‍ താമസക്കാരനുമായ സെയ്ഫുദ്ദീന്‍ (38) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും കഞ്ചാവും കണ്ടെ ടുത്തു.
പോലീസ് പറയുന്നത്: ആലംകോട് മുസ്ലിം ജമാഅത്തില്‍ ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കൈയിലൊരു സിറിഞ്ചുമായി ഒരാള്‍ പള്ളിയിലെ ശുചിമുറിയിലേയ്ക്ക് ഓടിക്കയറുന്നത് ചിലര്‍ കണ്ടു. ഇവര്‍ പള്ളിഅധികൃതരോട് വിവരംപറഞ്ഞു. പള്ളിഅധികൃതരും ജീവനക്കാരും ഏറെനേരം വാതിലില്മുട്ടിവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല.
ഒടുവില്‍ വാതില്‍പൊളിച്ചു നോക്കിയപ്പോള്‍ ഏതോപൊടികലക്കി സിറിഞ്ചിലാക്കി ദേഹത്ത് കുത്തിവയ്ക്കാനൊരുങ്ങുന്നതാണ് കണ്ടത്. ആളുകളെകണ്ടതോടെ ഭ്രാന്തമായി പെരുമാറിയ ഇയാളെ പിടികൂടിയശേഷം പോലീസിലറിയിക്കുകയായിരുന്നു.
രണ്ട്പൊതികഞ്ചാവും കുത്തിവയ്ക്കുന്നതിനുളള ഉപകരണങ്ങളും മറ്റുചിലപൊടികളും ഇയാളില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. സ്ഥിരമായി കഞ്ചാവും മയക്കുമരുന്നുകളും ഉപയോഗിക്കുന്ന ഇയാള്‍ ഒരുകൊല്ലംമുമ്പ് ലഹരിമോചനകേന്ദ്രത്തില് ചികിത്സതേടിയിരുന്നതായും പോലീസ് പറഞ്ഞു.