പാലക്കാട്; കോട്ടമൈതാനം പരിസരത്ത് നിന്ന് 500 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. കോഴിക്കോട് കല്ലായി സ്വദേശി സഹീർ (21) ആണ് പിടിയിലായത്. പാലക്കാട് ടൗണ്‍ സൗത്ത് പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നുള്ള വാഹന പരിശോധനയിലാണ് പിടികൂടിയത്. തമിഴ്നാട്ടിൽനിന്നും കഞ്ചാവ് വാങ്ങി കല്ലായ് ഭാഗത്ത് അന്യ സംസ്ഥാന തൊഴിലാളികൾ, വിദ്യാർഥികൾ എന്നിവരെ കേന്ദ്രീകരിച്ച് വിൽപന നടത്താൻ വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതി സമ്മതിച്ചു.
പിടിച്ച കഞ്ചാവ് ചില്ലറ വിപണിയിൽ 25000 രൂപ വരും. ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദ്ദേശപ്രകാരം പാലക്കാട് നർക്കോട്ടിക് സെൽ ഡിവൈഎസ്പി ബാബു കെ. തോമസിന്റെ നേതൃത്വത്തിൽ പാലക്കാട് ടൗണ്‍ സൗത്ത് എസ്ഐ രഞ്ജിത്ത് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ റഹിം മുത്തു, വിജയാനന്ദ്, സൂരജ് ബാബു, ഷമീർ, വിനീഷ്, ഷനോസ്, ദിലീപ് എന്നിവർ വാഹന പരിശോധനയിൽ പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കും.