കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ് വേട്ട. അഞ്ചു കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനക്കാരനെ ഗാന്ധിനഗർ പോലീസ് പിടികൂടി. ഒഡീഷ ഗോവിന്ദ നഗർ സ്വദേശി സുശാന്ത് കുമാർ സാഹുവിനെയാണ് ഇന്നു പുലർച്ചെ എസ്എച്ച് മൗണ്ടിൽ നിന്നും ഗാന്ധിനഗർ പോലീസ് പിടികൂടിയത്. പോലീസ് ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇതിനു മുന്പും സമാനമായ രീതിയിൽ ഇയാൾ കഞ്ചാവ് കോട്ടയത്ത് എത്തിച്ചിരുന്നതായി പോലീസിനോടു സമ്മതിച്ചിട്ടുണ്ട്.
കോട്ടയം, മെഡിക്കൽ കോളജ്, ആർപ്പുക്കര, ഏറ്റുമാനൂർ, അതിരന്പുഴ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കു വിതരണം ചെയ്യുന്നതിനായിട്ടാണു കഞ്ചാവ് എത്തിച്ചതെന്നു പോലീസ് സംശയിക്കുന്നു. ഗാന്ധിനഗർ പ്രദേശത്ത് വൻ തോതിൽ കഞ്ചാവ് എത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ പോലീസ് രാത്രികാലങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഇതിനിടയിലാണു ഒരാൾ കഞ്ചാവുമായി എത്തുന്നതായി ജില്ലാ പോലീസ് ചീഫ് പി.എസ്. സാബുവിനു രഹസ്യവിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ എസ്ഐ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നു പുലർച്ചെ എസ്എച്ച് മൗണ്ട് ഭാഗത്ത് രാത്രികാല പരിശോധന നടത്തുന്നതിനിടയിലാണു ഇയാളെ പിടികൂടിയത്. കെഎസ് ആർടിസി ബസിൽ എത്തിയ ഇതര സംസ്ഥാനക്കാനെ പോലീസ് ചോദ്യം ചെയ്തു.
പരസ്പര വിരുദ്ധമായി സംസാരിച്ചതോടെ ഇയാളുടെ പക്കലുണ്ടായിരുന്ന ബാഗ് പോലീസ് പരിശോധിക്കുകയായിരുന്നു. ഇതോടെയാണു ബാഗിനുള്ളിൽ മൂന്നു കൂടുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. ഏറെ നാളുകൾക്കുശേഷമാണ് വലിയ തോതിൽ കഞ്ചാവ് പിടികൂടുന്നത്. ഇയാളെ സ്റ്റേഷനിലെത്തിച്ചു കൂടുതൽ ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ മൊബൈൽ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട്.
ആർക്കു കൈമാറാണ് കഞ്ചാവ് എത്തിച്ചതെന്ന് കണ്ടെത്താനാണു പോലീസ് ശ്രമിക്കുന്നത്. ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നിർദേശാനുസരണം ഗാന്ധിനഗർ എസ്എച്ചഒ ആനൂപ് ജോസ്, എസ്ഐ ടി.എസ് റെനീഷ് എഎസ്ഐമാരായ തോമസ് ജോസഫ്, എം.പി. സജി, എ.കെ. അനിൽ, നൗഷാദ്, എസ്്സിപിഒ സന്തോഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.