കണ്ണൂർ: മുംബൈയിൽ നിന്ന് ബ്രൗൺ ഷുഗർ എത്തിച്ച് കണ്ണൂർ ആയിക്കരയിൽ ഉൾപ്പെടെ വില്പന നടത്തുന്ന സംഘത്തിലെ മൂന്നുപേരെ സിറ്റി പോലീസും എസ്പിയുടെ ക്രൈം സ്ക്വാഡും ചേർന്ന് അറസ്റ്റുചെയ്തു. ഇവരിൽ നിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന 20 ഗ്രാം ബ്രൗൺ ഷുഗർ കണ്ടെടുത്തു.
നേരത്തെ കളവുകേസിലും കഞ്ചാവ് കേസിലും പ്രതിയായ മരക്കാർകണ്ടിയിലെ സജാദ് (23), തായത്തെരു ജംഗ്ഷനിലെ മുഹമ്മദ് നബ്ഹാൻ (20), ബംഗളൂരുവിൽ ബിടെക് വിദ്യാർഥിയായ മരക്കാർകണ്ടിയിലെ കെ.ബിലാൽ (20) എന്നിവരെയാണ് സിറ്റി എസ്ഐ സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ബ്രൗൺ ഷുഗറുമായി കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ വച്ച് ഒരാളെ പിടികൂടിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. മുംബൈയിൽ നിന്ന് ട്രെയിൻ മാർഗമാണ് ഇവർ കണ്ണൂരിൽ നിന്ന് മയക്കുമരുന്ന് എത്തിക്കുന്നത്.
നേരത്തെ കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഒരാൾ പിടിയിലായതോടെ ഇവർ മുംബൈയിൽ നിന്ന് മംഗളൂരുവിൽ ഇറങ്ങി ട്രെയിൻ മാറിക്കയറി കണ്ണൂരിന് അടുത്തുള്ള സ്റ്റേഷനിലിറങ്ങി ഓട്ടോറിക്ഷയിൽ മയക്കുമരുന്ന് കണ്ണൂരിൽ എത്തിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സീനിയർ സിവിൽ പോലീസ് ഓഫീസർ അജയൻ, കണ്ണൂർ എസ്പിയുടെ ആന്റി നാർക്കോട്ടിക്സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ മഹിജൻ, സിവിൽ പോലീസ് ഓഫീസർമാരായ സി.അജിത്ത്, സി.പി.മഹേഷ്, പി.സി. മിഥുൻ, കെ.പി.സുജിത്ത്, എ.സുഭാഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
തലശേരി: നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് നടത്തിയ മിന്നല്‍ റെയ്ഡിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ഒമ്പതുപേര്‍ പിടിയിൽ. പൊതുസ്ഥലത്ത് പുകവലിക്കുന്നവരെ പിടികൂടുന്നതിനായി തിരച്ചില്‍ നടത്തിയ എസ്ഐ കെ.അഷറഫിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ വലയിലാണ് കഞ്ചാവ് വലിച്ചു കൊണ്ടിരുന്ന സ്കൂൾ വിദ്യര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഒമ്പതുപേര്‍ കുടുങ്ങിയത്.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കഞ്ചാവ് ബീഡി വലിച്ച അസീദ്, അഫ്സല്, മുഹമ്മദ്, മിന്‍ഷാദ് എന്നിവരും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് കഞ്ചാവ് ബീഡി വലിച്ചു കൊണ്ടിരുന്ന അഷ്റഫ്,ആരിഫ്, സമീര്‍ എന്നിവരും രണ്ട് സ്കൂള്‍ വിദ്യര്ഥികളെയുമാണ് പോലീസ് പിടികൂടിയത്. ബീഡി വാങ്ങി പുകയില നീക്കിയ ശേഷം കഞ്ചാവ് നിറച്ച് നല്കുന്ന സംഘം നഗരത്തില്‍ സജീവമാണ്. ഒരു ബീഡിക്ക് നൂറു രൂപ വരെയാണ് വാങ്ങുന്നത്. ഇത്തരത്തില്‍ കഞ്ചാവ് ബീഡി വില്‍ക്കുന്ന സംഘം വിദ്യാലയങ്ങള്‍ക്ക് മുന്നില്‍ സജീവമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.