കോഴിക്കോട്: സിമന്റ് ലോറിയില്‍ 167.5 കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സജീവ് കുമാര്‍ സബ് ഡീലറാണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച്. ആന്ധ്രയിലെ കടപ്പയില്‍നിന്നു സിമന്റ് ലോറിയില്‍ കഞ്ചാവ് എത്തിച്ചത് സജീവിനു വേണ്ടിയാണെന്നാണ് കണ്ടെത്തല്‍.
സജീവ് പെരുമ്പാവൂരിലും പരിസരപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ക്കു കഞ്ചാവ് ചില്ലറയായി നല്‍കുകയാണ് പതിവ്. നാലുവര്‍ഷമായി സമാനമായ രീതിയില്‍ സജീവിന് ആ്രന്ധയില്നിന്നു കഞ്ചാവ് ലഭിക്കുന്നുണ്ടെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തി.
പെരുമ്പാവൂര്‍ എംസി റോഡില്‍ ‘ഇല്ലിത്തോപ്പ്’ റസ്റ്ററന്റിന്റെ മറവിലായിരുന്നു ലഹരി വില്പന. ആന്ധ്രയിലെ കടപ്പയില്‍നിന്നു സിമന്റ് ലോറിയില്‍ വയനാട് പെരിയയിലെത്തിച്ചു പിക്കപ്പിലേക്ക് മാറ്റി എറണാകുളത്തേക്കു കൊണ്ടുപോകവെ കഴിഞ്ഞ ഒക്ടോബര്‍ മൂന്നിനാണ് മലപ്പുറം എക്സൈസ് സ്പെഷല്‍ സ്ക്വാഡ് കാളികാവില്‍ വച്ച് കഞ്ചാവ് പിടികൂടിയത്.
പിക്കപ്പിലുണ്ടായിരുന്ന മൂന്നുപേരെ പിടികൂടിയ എക്സൈസ് പിന്നീട് സിമന്റ് ലോറി പിടിച്ചെടുത്ത് ഡ്രൈവറെയും അറസ്റ്റുചെയ്തിരുന്നു. കേസ് എക്സൈസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് നടത്തിയ അന്വേഷണത്തില്‍ കഞ്ചാവ് എത്തിക്കാന്‍ ആന്ധ്രയിലേക്കു പോയവരും ലഹരിക്കായി പണം മുടക്കിയവരുമടക്കം ആറുപേരെ കൂടി പിടികൂടിയിരുന്നു.
എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകൃതമായതിനെത്തുടര്ന്നു ലഹരി വില്പനയുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയവരേയും സാമ്പത്തിക സഹായമുള്‍പ്പെടെ നല്കിയവരെയും നിയമത്തിനു മുന്നിലെത്തിക്കുന്നുണ്ട്.
ഉത്തര മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്. എന്‍. ബൈജുവിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫിസര്‍മാരായ സുഗന്ധകുമാര്‍, സുധീര്‍, സജീവ്, സിവില്‍ എക്സൈസ് ഓഫിസര്‍ ജിബിന്‍, ഡ്രൈവര്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി സജീവ് കുമാറിനെ ക്രൈംബ്രാഞ്ച് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും.