തലശേരി: നാല് കിലോ കഞ്ചാവുമായി അറസ്റ്റിലായ യുവാവിനെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ വൈകുന്നേരം എഎസ്പി ചൈത്ര തേരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത പുല്ലമ്പില്‍ റോഡിലെ കൊറ്റിയത്ത് വീട്ടില്‍ സന്ദീപിനെ(35) യാണ് കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുക.
യുവാവിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ദാവൂദ് ഇബ്രാഹിമിന്റെ ജീവചരിത്രം അടങ്ങിയ പുസ്തകം കണ്ടെടുത്തു. ഭാവിയിൽ ദാവൂദിനെ പോലെ ഒരു ഡോണ്‍ ആയി മാറണമെന്നാണത്രെ താന്‍ ആഗ്രഹിച്ചിരുന്നതെന്ന് സന്ദീപ് ചോദ്യം ചെയ്യലില്‍ പോലീസിനോട് പറഞ്ഞു.
സ്ഥിരമായി ജിമ്മില്‍ പോയിരുന്ന ഇയാള്‍ മുമ്പ് മിസ്റ്റര്‍ കണ്ണൂരായി തെരഞ്ഞെടുക്കപ്പെട്ടിടുണ്ടെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. സ്കൂള്‍- കോളജ് വിദ്യാര്‍ഥികളെ കണ്ണികളാക്കി കൊണ്ടാണ് ഇയാള്‍ കഞ്ചാവ് വില്പന നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.
കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിലെ മയക്കു മരുന്ന് മാഫിയയിലെ മുഖ്യ കണ്ണിയായ സന്ദീപ് വലയിലായത്. ഹൈസ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ ഇയാളുടെ റാക്കറ്റില്‍ ഉള്പ്പെട്ടിട്ടുണ്ടെന്നണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.
ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും നിരവധി വിദ്യാര്‍ഥികളുടെ നമ്പറും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഈ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുമ്പ് മോഷണ കേസില്‍ പ്രതിയായിട്ടുള്ള പ്രതിയെ സാഹസികമായിട്ടാണ് പോലീസ് വലയിലാക്കിയത്.
പോലീസിന്റെ കൈയിൽ നിന്നും കുതറിയോടി വീടിനടുത്തുള്ള പുഴയില്‍ ചാടി രക്ഷപെടാനും ഇയാള്‍ ശ്രമം നടത്തി.
ഏറെ നാളുകളായി കഞ്ചാവ് വില്പന നടത്തി വന്ന ഇയാള്‍ കഞ്ചാവ് കേസില്‍ ആദ്യമായിട്ടാണ് അറസ്റ്റിലായിട്ടുള്ളത്.
ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതോടെ നഗരത്തിലെ കഞ്ചാവ് ശൃംഖലയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്.
എഎസിപിക്കു പുറമെ എസ്ഐമാരായ അനില്‍, സുരേഷ്ബാബു, നളിനാക്ഷന്, ജില്ലാ പോലീസ് ചീഫിന്റെ സ്കോഡിലെ അംഗങ്ങളായ എഎസ്ഐ അജയന്, സുജേഷ് ശ്രീജേഷ്, രാജീവന് എന്നിവരടങ്ങിയ സംഘമാണ് സന്ദീപിനെ വലയിലാക്കിയത്.