കൊച്ചി: കൊച്ചിയിൽ വൻലഹരി മരുന്നു ശേഖരവുമായി പിടിയിലായ കുന്പളം സ്വദേശി ബ്ലായിത്തറ സനീഷ് (32) നിരവധി തവണ ലഹരി കടത്തിയതായി എക്സൈസ് ഉദ്യോഗസ്ഥർ. ഗോവയിൽ നിന്നെത്തിച്ച മുന്തിയ ഇനം ലഹരി മരുന്നുകൾ പ്രധാനമായും വിലപ്ന നടത്തിയിരുന്നത് നിശാപാർട്ടികളിലും സിനിമാ ഷൂട്ടിംഗ് സൈറ്റുകളിലായിരുന്നുവെന്നും പ്രതി മൊഴി നൽകിയതായി എക്സൈസ് ഉദ്യോസ്ഥർ പറഞ്ഞു.
ഒരു വർഷത്തിലേറെയായി കൊച്ചിയിലേക്ക് ലഹരി എത്തിച്ച് വില്പന നടത്തിയിരുന്ന സനീഷിന്റെ മൊബൈൽ വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിച്ചാൽ ലഹരിക്കടത്തിലെ വലിയ സംഘങ്ങളെ കണ്ടെത്താൻ കഴിയുമെന്നാണ് എക്സൈസിന്റെ പ്രതീക്ഷ. ലഹരി ചില്ലറ വില്പനക്കാരുമായി സൗഹൃദം സ്ഥാപിച്ച് നിശാപാർട്ടികൾക്കെന്നോണം വലിയ അളവിൽ ലഹരി ആവശ്യമുണ്ടെന്ന് ധരിപ്പിപ്പിച്ചാണ് എക്സൈസ് സനീഷിനെ പിടികൂടിയത്.
വൻ തോതിൽ ഇയാൾ മുഖേന ലഹരിക്കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നീരീക്ഷണത്തിലായിരുന്നു സനീഷ്. സിനിമാ ഷൂട്ടിംഗ് ലൊക്കേഷനകുളായിരുന്നു പ്രധാനമായും ഇയാളുടെ ലഹരി വില്പന. ഡാൻസ് പാർട്ടികളിൽ വിതരണം ചെയ്യുന്നതിനായി ഗോവയിൽ നിന്നു കാറിൽ കൊണ്ടുവന്ന 83.75 ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുകളുമായാണ് ഇയാളെ ഇന്നലെ കുണ്ടന്നൂരിൽ പിടികൂടിയത്. കൊക്കെയ്ൻ, ഹാഷിഷ് ഓയിൽ, എംഡിഎംഎ എന്നീ ലഹരിമരുന്നുകളാണു പിടിച്ചെടുത്തത്.
ഇന്നലെ പുലർച്ചെ 5.30ഓടെ കുണ്ടന്നൂർ ട്രാഫിക് സിഗ്നൽ പരിസരത്തുനിന്നാണു സനീഷ് പിടിയിലായത്. ഗോവയിൽനിന്ന് എത്തിക്കുന്ന മയക്കുമരുന്ന് ഒരു ഗ്രാമിന് 6,000 രൂപ നിരക്കിലാണ് കൊച്ചിയിൽ വിൽക്കുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറെനാളായുള്ള നിരീക്ഷണത്തിനൊടുവിലാണു തൊണ്ടിമുതൽ സഹിതം ഇയാളെ പിടികൂടാനായത്.
വിപണിയിൽ 50 ലക്ഷം രൂപ വിലവരുന്ന കാൽ കിലോഗ്രാം ഹാഷിഷ് ഓയിൽ, 25 ലക്ഷം രൂപ വിലവരുന്ന 47 ഗ്രാം എംഡിഎംഎ ക്രിസ്റ്റൽ, ഏഴു ലക്ഷം രൂപ വിലവരുന്ന 11 ഗ്രാം കൊക്കെയ്ൻ, 1.75 ലക്ഷം വിലവരുന്ന ദ്രാവക രൂപത്തിലുള്ള എംഡിഎംഎ എന്നിവയാണ് ഇയാളുടെ കാറിൽ നിന്നു കണ്ടെടുത്തത്. ലഹരിമരുന്നുകൾ കടത്തിക്കൊണ്ടുവരാൻ ഉപയോഗിച്ച കാർ, ഇലക്ട്രോണിക് ത്രാസ്, ലഹരിമരുന്ന് പകർന്നു നൽകാനുള്ള പ്ലാസ്റ്റിക് കുപ്പികൾ എന്നിവയും കസ്റ്റഡിയിലെടുത്തു.
കൊച്ചിയിൽ വിൽക്കുന്നതിനായി വിദേശത്തുനിന്നു വരെ ലഹരിമരുന്ന് എത്തിച്ചിരുന്നതിന്റെ വ്യക്തമായ സൂചനകൾ ലഭിച്ചതായി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ നാരായണൻകുട്ടി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. പ്രിവൻറീവ് ഓഫീസർ എ.എസ്. ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റോബി, റൂബൻ, സുനിൽകുമാർ, ഷിബു, ബിജു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.