പാലക്കാട് : ജില്ലയിലെ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ചില്ലറ വിൽപന നടത്തുന്നതിനായി തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന ഒന്നര കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ നോർത്ത് പോലീസിന്റെ പിടിയിലായി. വടക്കഞ്ചേരി എളവന്പാടം കൊഴുക്കുള്ളി സ്വദേശികളായ സനീഷ് (30), അനീഷ് കുമാർ (28) എന്നിവരെയാണ് കഴിഞ്ഞ ദിവസം രാത്രി മുനിസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ടൗണ് നോർത്ത് എസ്.ഐ. ആർ. രഞ്ജിത്തും സംഘവും അറസ്റ്റു ചെയ്തത്.
പാലക്കാട്, വടക്കഞ്ചേരി , ആലത്തൂർ മേഖലകൾ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപനയ്ക്കായി കൊണ്ടു വന്നത്. പ്രതികളുടെ പക്കൽ നിന്നും പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ മുക്കാൽ ലക്ഷത്തോളം രൂപ വില വരും. തമിഴ്നാട്ടിലെ കന്പം, തേനി, ദിണ്ടിഗൽ, മധുര, സേലം, ഈറോഡ്, പഴനി, വെത്തലക്കുണ്ട്, ഉടുമൽപേട്ട എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവ് എത്തുന്നത്.
15000 രൂപക്ക് കിട്ടുന്ന ഒരു കിലോ കഞ്ചാവ് 50000 രൂപക്കാണ് ചില്ലറ വിപണിയിൽ വിൽക്കുന്നത്. 10 ഗ്രാം അടങ്ങുന്ന ഒരു പായ്ക്കറ്റിന് 500 രൂപയാണ് ഈടാക്കുക. പിടിയിലായ സനീഷ് നേരത്തെ എറണാകുളം ജില്ലയിലെ ചേരാനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഇംത്യാസ് കൊലപാതകക്കേസിലെ പ്രതിയാണ്.
അഞ്ചു വർഷത്തെ ജയിൽവാസത്തിനുശേഷം കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്തു. ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ്, എസ്. സജീന്ദ്രൻ, വിമൽ, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ കെ. നന്ദകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.