കടയ്ക്കാവുർ: മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ മൂന്ന് പേരെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , കടയ്ക്കാവൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
തുമ്പ മേനംകുളം പുതുവൽ പുരയിടം വീട്ടിൽ അജിത്ത് (ലിയോൺ ജോൺസൻ 29), കഴക്കൂട്ടം കിഴക്കുംഭാഗം നേതാജി ലൈനിൽ എസ്എൽ ഭവനിൽ വിജീഷ് (സാത്തി സന്തോഷ് , 34), പാറശാല എടക്കോട് മലൈകോട് തട്ടാൻവിളാകം വീട്ടിൽ വിഷ്ണു (21 ) എന്നിവരാണ് കടയ്ക്കാവൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് അറസ്റ്റിലായത്. ഇവരിൽ നിന്നും പത്ത് ഗ്രാം എംഡിഎംഎയും കണ്ടെടുത്തു.
സംഘത്തിലെ പ്രധാനിയായ ലിയോൺ ജോൺസൺ മോഷണം , പിടിച്ചുപറി ,ലഹരി മരുന്ന് കച്ചവടം, വധശ്രമം അടക്കമുള്ള അനവധി കേസുകളിലെ പ്രതിയാണെന്നും കഴക്കൂട്ടം , തുമ്പ , മണ്ണന്തല , കഠിനംകുളം, വിഴിഞ്ഞം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു.
വാടകവീടെടുത്ത് ലഹരി മരുന്ന് കച്ചവടം ചെയ്ത് വന്നിരുന്ന ഇയാളെ ആറ് മാസം മുമ്പ് കഠിനംകുളം പോലീസ് എംഡിഎംഎയും നാടൻ ബോംബുകളുമായി പിടികൂടിയിരുന്നു .
ജാമ്യത്തിൽ ഇറങ്ങി ഇയാൾ വീണ്ടും ലഹരിമരുന്ന് കച്ചവടം നടത്തുകയായിരുന്ന ഇയാൾക്ക് ബംഗളൂരുവിൽനിന്നാണ് ലഹരിമരുന്ന് എത്തിക്കുന്നതെന്നും ഗുണ്ടാവിരുദ്ധ നിയമ പ്രകാരം കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നതിന് നേരത്തേ ഇയാൾക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.
പിടിയിലായ വിജീഷ് ദേശീയപാതയിൽ പള്ളിപ്പുറത്തുവച്ച് സ്വർണ വ്യാപാരിയുടെ വാഹനം തടഞ്ഞ് വെട്ടി പരിക്കേൽപ്പിച്ച് സ്വർണം കവർച്ച ചെയ്ത കേസ്സിലെ പ്രധാന പ്രതിയാണ്.
കഴക്കൂട്ടം പോലീസ് സ്റ്റേഷൻ പരിധിയിൽ ഇയാൾക്കെതിരെ നിരവധി കേസ്സുകൾ നിലവിൽ ഉണ്ട്.കടയ്ക്കാവൂർ പോലീസ് ഇൻസ്പെക്ടർ വി.അജേഷ് , സബ് ഇൻസ്പെക്ടർ .എസ്.എസ്.ദീപു,എഎസ്ഐ ശ്രീകുമാർ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം.ഫിറോസ്ഖാൻ , എഎസ്ഐമാരായ ബി.ദിലീപ് , ആർ.ബിജുകുമാർ സിപിഒമാരായ ഷിജു , സുനിൽരാജ് എന്നിവരുടെ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.