ആലപ്പുഴ: വിദ്യാർഥികൾക്ക് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്ന കഞ്ചാവുമായി പിടിയിലായ യുവാവിനെ റിമാൻഡ് ചെയ്തു. എക്സൈസ് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നർകോട്ടിക് സ്ക്വാഡ് അറസ്റ്റ് ചെയ്ത കരുനാഗപ്പള്ളി താലൂക്കിൽ ആദിനാട് കൊച്ചുവളാലിൽ വീട്ടിൽ സത്യലാലി(22)നെയാണ് റിമാൻഡ് ചെയ്തത്. ഇയാളെ ആറാട്ടുപുഴ കള്ളികാട്ടെ ബന്ധുവീടിനു സമീപത്തു നിന്നും 1120ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്.
ആറാട്ടുപുഴ വലിയഴീക്കൽ ഭാഗങ്ങളിൽ ബീച്ചിൽ കഞ്ചാവ് വിൽപ്പന നടക്കുന്നത് സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് എക്സൈസ് നടത്തിയ രഹസ്യാന്വേഷണത്തിൽ നേരത്തെ കഞ്ചാവുമായി ഇരുചക്രവാഹനത്തിൽ വരികയായിരുന്ന രണ്ട് വിദ്യാർഥികളെ ആറാട്ടുപുഴ പുല്ലുകുളങ്ങരയിൽനിന്നും അറസ്റ്റ് ചെയ്തിരുന്നു.
ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറാട്ടുപുഴ വലിയഴീക്കൽ ബീച്ചിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന സത്യലാലിനെ കുറിച്ച് വിവരം ലഭിക്കുകയായിരുന്നു. തിരുവല്ല റെയിൽവേ സ്റ്റേഷൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലഹരി കടത്തുസംഘമാണ് മൊത്തമായി കഞ്ചാവ് വിതരണക്കാർക്ക് എത്തിച്ചു കൊടുക്കുന്നതെന്ന വിവരം ഇയാളിൽ നിന്നും ലഭിച്ചു.
തിരുവല്ലയിൽ എക്സൈസ് സംഘമെത്തിയെങ്കിലും കഞ്ചാവ് മാഫിയായിൽപ്പെട്ട രണ്ടംഗസംഘം ഇരുചക്രവാഹനം എക്സൈസ് സംഘത്തിന് മുന്നിലുപേക്ഷിച്ച് രക്ഷപ്പെട്ടു. രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ ഇരുചക്ര വാഹനം കോഴിക്കോട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ്. എക്സൈസ് സ്ക്വാഡ് സമീപകാലത്ത് എടുത്തിട്ടുള്ള പല കേസുകളുടെയും ഉറവിടം ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിൽ നിന്നാണെന്നും ഈ സംഘത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്നും സിഐ വി. റോബർട്ട് രാഷ്ട്രദീപികയോടു പറഞ്ഞു.
സ്ക്വാഡ് പ്രിവൻറീവ് ഓഫീസർമാരായ എ. കുഞ്ഞുമോൻ, ഫെമിൻ, എം. ബൈജു, എം.കെ. സജിമോൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രവികുമാർ, ഓംകാര നാഥ്, റഹിം, അനിലാൽ, അരുണ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.