കൊച്ചി: നിശാപാർട്ടികൾക്കായി എത്തിച്ച ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ളതും വിനാശകാരിയുമായ മയക്കുമരുന്നു മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്ന ടോപ് വേരിയന്റ് മെഥിലിൻ ഡയോക്സി മെറ്റാ ആംഫിറ്റമിനുമായി പിടിയിലായ യുവാവിന്റെ മൊഴികേട്ട് ഞെട്ടി എക്സൈസ് ഉദ്യോഗസ്ഥർ.ന്യൂജെൻ തലമുറയ്ക്ക് ഇപ്പോൾ പ്രിയം എൽഎസ്ഡി മുതൽ മുകളിലേക്കുള്ള സിന്തറ്റിക് ഡ്രഗുകളാണെന്നും കഞ്ചാവുപോലെയുള്ള കണ്ട്രി ഡ്രഗുകൾക്ക് ഇപ്പോൾ യുവാക്കൾക്കിടയിൽ ഡിമാന്റ് കുറവാണെന്നുമാണു പ്രതി വ്യക്തമാക്കിയതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
കണ്ട്രി ഫെലോസ് മാത്രമാണ് ഇപ്പോൾ കഞ്ചാവു പോലെയുള്ള നിലവാരം കുറഞ്ഞ മയക്കുമരുന്നുകൾ വിൽക്കാൻ നിൽക്കുന്നത്. താൻ വർഷങ്ങളായി ഇത്തരം സിന്തറ്റിക് ഡ്രഗ്സ് മാത്രമേ ഉപയോഗിക്കാറുള്ളൂവെന്നും കേസ് എടുക്കാതിരുന്നാൽ മൂന്ന് മണിക്കൂറിനുള്ളിൽ 20 ലക്ഷം രൂപ വരെ നൽകാമെന്നും താൻ പറയുന്നത് കേൾക്കാതെ കേസ് എടുത്താലും തനിക്ക് ഒന്നും സംഭവിക്കില്ലെന്നും വൻശക്തികൾ പുറകിൽ ഉള്ളതിനാൽ നിസാരമായി ഉൗരിപോകും എന്നുമായിരുന്നു പ്രതിയുടെ ഭാഷ്യം.
ഏറെക്കാലം വിദേശ രാജ്യങ്ങളിൽ ജോലി നോക്കിയിരുന്ന പ്രതി ജോലി ഉപേക്ഷിച്ചാണു മയക്കുമരുന്നു കടത്തിലേക്ക് കാൽവച്ചത്. കോഴിക്കോട് ചെറിയ ചക്കാല തോപ്പുംപാറ സിപി വീട്ടിൽ സവാദിനെ(27) ആണ് ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. 50 ഗ്രാം മയക്കുമരുന്നും ഇയാളിൽനിന്ന് പിടികൂടി. ഈ ഇനത്തിൽപ്പെട്ട വെറും പത്തു ഗ്രാം മയക്ക്മരുന്നു പോലും കൈവശം വയ്ക്കുന്നത് 20 വർഷംവരെ കഠിന തടവ് ജയിൽ ശിക്ഷ കിട്ടാവുന്ന കുറ്റമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
നൂറ് കിലോ കഞ്ചാവ് കണ്ടെടുക്കുന്നതിന് തുല്യമായ ഗൗരവമുള്ള കുറ്റകൃത്യമാണിത്. ഭൂമിയിലെ ഏറ്റവും വിഷമുള്ള മാക്സ് ജെല്ലി ഫിഷിന്റെ പ്രതീകാത്മകമായാണ് ഈ രാസലഹരി മാക്സ് ജെല്ലി എക്സ്റ്റസി എന്നറിയപ്പെടുന്നത്. വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാൽ 48 മണിക്കൂറോളം ഉന്മാദവും അളവും ഉപയോഗക്രമവും പാളിയാൽ 48 മണിക്കൂറിനുള്ളിൽ മരണവും സംഭവിക്കാൻ ഇതിന്റെ ഉപയോഗം കാരണമാകുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
കുപ്രസിദ്ധനായ മെക്സിക്കൻ ഡ്രഗ് മാഫിയ തലവൻ ഗുസ്മാന്റെ പേരാണു ഡ്രഗ് മാഫിയ സംഘത്തിൽ സവാദിന്റെ അപരനാമം. ആലുവ, കോതമംഗലം ഭാഗങ്ങളിൽ ഇയാൾ സ്ഥിരമായി ഇടപാടുകൾ നടത്തി വന്നിരുന്നതായി എക്സൈസിനു വിവരം ലഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിൽപനയ്ക്കായി ടെലിഗ്രാം മെസഞ്ചർ എന്ന ആപ്പാണ് ഉപയോഗിച്ചിരുന്നത്.
ഒരാഴ്ചക്കു മുന്പ് എംഡിഎംഎ ഗുളികകളും എൽഎസ്ഡി സ്റ്റാന്പുകളുമായി എറണാകുളം എക്സൈസ് സ്പെഷൽ സ്ക്വാഡിന്റെ പിടിയിലായ യുവാക്കളുടെ ബംഗളൂരു, ഗോവൻ ബന്ധങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങളിൽ ബംഗളൂരുവിൽനിന്നെത്തുന്ന എംഡിഎംഎയുടെ ഡീലർ കാലിക്കറ്റ് ഗുസ്മാനാണ് എന്ന വിവരം അധികൃതർക്ക് ലഭിച്ചിരുന്നു. ഇതേ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് സവാദിന്റെ അറസ്റ്റിലേക്ക് എത്തിച്ചത്.
എക്സൈസ് നാർക്കോട്ടിക്ക് ടോപ്പ് സീക്രട്ട് ഗ്രൂപ്പാണ് മയക്കുമരുന്ന് കടത്ത് സംബന്ധിച്ച രഹസ്യവിവരം കൈമാറിയത്. എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ പി. ശ്രീരാജ്, പ്രിവന്റിവ് ഓഫീസർമാരായ രാം പ്രസാദ്, ജയൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എം.എം. അരുണ്കുമാർ, സിദ്ധാർഥൻ, പി.എക്സ്. റൂബൻ, രതിഷ്, ഡ്രൈവർ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.