ചിറയിൻകീഴ് : വാഹന പരിശോധനക്കിടെ പതിനൊന്ന് കിലോ കഞ്ചാവുമായി ഗുണ്ടാസംഘത്തെ തിരുവനന്തപുരം റൂറൽ ഡാൻസാഫ് ടീമും , ചിറയിൻകീഴ് പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
അഴൂർ പെരുങ്ങുഴി നാല്മുക്കിന് സമീപം വിശാഖ് വീട്ടിൽ ശബരീനാഥ് (ശബരി , 42) , ആൽത്തറ ചർച്ചിന് സമീപം സോഫിൻ നിവാസിൽ സോഫിൻ ( 28) , കരകുളം പള്ളിയൻകോണം അനീഷ് നിവാസിൽ അനീഷ് (31),ഉള്ളൂർ എയിം പ്ലാസയിൽ വിപിൻ (28) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച രണ്ട് ആഡംബര കാറുകളും കണ്ടെടുത്തു.
സംഘത്തിലെ പ്രധാനി ശബരി കൊലപാതക കേസിലും കഞ്ചാവ് കടത്ത് കേസിലും അടിപിടി കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ്.കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങിനിൽക്കുന്പോൾ നാല് വർഷം മുമ്പ് അമരവിളയിൽവച്ച് കഞ്ചാവ് കടത്തുന്നതിനിടയിൽ ആഡംബര കാറ് സഹിതം എക്സൈസിന്റെ പിടിയിലായിരുന്നു.
ഇയാൾക്ക് നൽകുവാനായി കഞ്ചാവ് എത്തിച്ച തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ രണ്ടംഗ സംഘത്തെ പന്ത്രണ്ട് കിലോ കഞ്ചാവുമായി മൂന്നാഴ്ച മുമ്പ് പെരുങ്ങുഴിയിൽ വച്ച് പോലീസ് പിടികൂടിയിരുന്നു.എൽഎൽബി ബിരുദമുള്ള ശബരി മറ്റു കേസുകളിൽ ഉൾപ്പെടുന്നവർക്ക് നിയമസഹായം നൽകാം എന്ന് പറഞ്ഞാണ് സംഘത്തിലേക്ക് ആളെ ചേർക്കുന്നതെന്ന് പോലീസ് പറഞ്ഞു.
മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ ഒരാളെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടികിട്ടാനുള്ള പ്രതിയാണ് പിടിയിലായ സോഫിൻ. കാട്ടാക്കട പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊലപാതകകേസ് നിലവിലുണ്ട്. മലയിൻകീഴ് പോലീസ് സ്റ്റേഷനിൽ ബോംബ് എറിഞ്ഞത് ഉൾപ്പെടെ ഇരുപതോളം കേസിലെ പ്രതിയാണ് ഇയാൾ.
അതിർത്തി ഗ്രാമങ്ങളിലെ ഗോഡൗണുകളിൽ വലിയ തോതിൽ കഞ്ചാവ് ശേഖരിച്ച് വിൽപ്പന നടത്തുന്നവരിലെ ജില്ലയിലെ മുഖ്യകണ്ണിയാണ് സോഫിനെന്ന് പോലീസ് പറഞ്ഞു. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ വിപിൻ. പൂജപ്പുര , കരമന , ബാലരാമപുരം സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷണകേസുകൾ നിലവിലുണ്ട്.
കൊലപാതകശ്രമം അടക്കം നിരവധി ഗുണ്ടാആക്രമണ കേസുകളിലെ പ്രതിയാണ് പിടിയിലായ അനീഷ് . ഇതിന് മുമ്പും പലതവണ ശബരിക്ക് കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന് ഇവർ പോലീസിനോട് പറഞ്ഞു.
തമിഴ്നാട്ടിലെ ഉസ്ലംപെട്ടിയിൽ നിന്നും കമ്പത്തു നിന്നും വാങ്ങുന്ന കഞ്ചാവ് നാൽപ്പത്തിനായിരം രൂപക്കാണ് ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നതെന്നും വിപണിയിൽ അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ചിറയിൻകീഴ് പോലീസ് ഇൻസ്പെക്ടർ ജി.ബി .മുകേഷിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷജീർ , നവാസ് , സുനിൽ സിപിഒ അരുൺ , അനസ്, ഡാൻസാഫ് സബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ, എഎസ്ഐ ബി. ദിലീപ് , ആർ.ബിജുകുമാർ, സിപിഒമാരായ അനൂപ് , ഷിജു , സുനിൽ രാജ് , എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.