നെന്മാറ:വിത്തനശ്ശേരിയിൽ വാഹനപരിശോധനക്കിടെ ഒന്നരക്കിലോ കഞ്ചാവ് പിടികൂടി. തൃശ്ശൂർ സ്വദേശികളായ രണ്ടുയുവാക്കളെ നെന്മാറ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അന്നമനട മാന്പറ വലിയവീട്ടിൽ ഷാഹുൽ (28), മുകുന്ദപുരം തെക്കുമുറി കല്ലൂർ കാടിപറന്പു വീട്ടിൽ ഷാഫി (23) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ സഞ്ചരിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. പഴനിയിൽ നിന്നും കഞ്ചാവുമായി ചാലക്കുടി മേഖലയിലെ വിദ്യാലയങ്ങൾ കേന്ദ്രികരിച്ചു വിൽപന നടത്തിവരുന്ന സംഘമാണെന്നു എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പരിശോധനസമയത്ത് വാഹനം നിർത്താൻ കൈകാണിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ വാഹനം പിന്തുടർന്നു പിടികൂടുകയായിരുന്നു.
പ്രതികളുടെ ആക്രമണത്തിൽ സിവിൽ എക്സൈസ് ഓഫിസർ കുമാറിനു പരുക്കേറ്റു. എക്സൈസ് ഇൻസ്പെക്ടർ എം.സുരേഷ് , പ്രകാശൻ, രമേശ്കുമാർ, സന്തോഷ്കുമാർ, ജോസ്പ്രകാശ്, ആർ. രമേശ്, സുജിത്കുമാർ, സന്ധ്യ, വിശ്വനാഥൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.