ഇരിട്ടി: എക്സൈസ് ഇൻസ്പക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിൽ കൂട്ടുപുഴ മേഖലയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന 35 കാരൻ ഇരിട്ടി എക്സൈസിന്റെ പിടിയിലായി. പേരട്ട സ്വദേശി ഷംസീർ ആണ് പിടിയിലായത്.
കഞ്ചാവുയോഗിക്കുന്ന ചെറുപ്പക്കാരുടെ ഗ്രൂപ്പുകൾക്ക് ചില്ലറവില്പന നടത്തുന്നതിനായി ചെറിയ പൊതികളിലായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് എക്സൈസ് സംഘം കണ്ടെടുത്തു.സ്കൂൾ ഭാഗങ്ങളിൽ വിതരണത്തിനായി കഞ്ചാവുമായി വരുന്നതിനിടെയാണ് പിടിയിലായത്.
ഇരുപതുരൂപയ്ക്കും അമ്പതു രൂപയ്ക്കും കഞ്ചാവുപൊതികൾ വില്പന നടത്തുമെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. വീരാജ് പേട്ടയിൽ നിന്നാണ് വില്പനക്കായി കഞ്ചാവ് ഇവിടേക്ക് എത്തിക്കുന്നതെന്നും ഇയാൾ പറയുന്നു. കഴിഞ്ഞ ഏതാനും ദിവസമായി എക്സൈസ് സംഘം ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു.
ഇരിട്ടി റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ സി.പി. ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രിവന്റീവ് ഓഫീസർ ടി.കെ.വിനോദൻ, അബ്ദുൾ നിസാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ബാബു ഫ്രാൻസിസ്, വി.കെ.അനിൽകുമാർ, പി.കെ. സജേഷ്, കെ.എൻ. രവി, കെ.കെ.ബിജു, ശ്രീനിവാസൻ, ഡ്രൈവർ അൻവർ സാദത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.