എരുമേലി: കഞ്ചാവും ലഹരി ഗുളികകളുമായി രണ്ടു പേരെ എരുമേലി എക്സൈസ് പിടികൂടി. നൈട്രോസൾഫാം ഗുളികകളുമായി റാന്നി പഴവങ്ങാടി സ്വദേശി ശ്യാം (24), കഞ്ചാവുമായി റാന്നി – ഇടമണ്‍ വട്ടമല ജയ്സണ്‍ (22), എന്നിവരെയാണ് പിടികൂടിയത്. ശബരിമല സീസണ് ആരംഭിച്ചതോടെ മയക്കുമരുന്നു ലോബിക്കെതിരേ ശക്തമായ നടപടിയുമായി എക്സൈസ് ഷാഡോ ടീം രംഗത്തെത്തിയിരുന്നു.
ഡോക്ടറുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം മാനസിക രോഗികൾക്ക് നൽകുന്ന വേദന സംഹാരി ഗുളികയായ നൈട്രോസൾഫാം – 10 എണ്ണമാണ് ശ്യാമിന്റെ കയ്യിലുണ്ടായിരുന്നത്. ഇടപാടുകാർക്കു നല്‍കാനായി 10 ഗ്രാം കഞ്ചാവാണ് ജയ്സണിന്റെ പക്കലുണ്ടായിരുന്നത്.
ശബരിമല സീസണിനോട് അനുബന്ധിച്ച് എരുമേലയിലും സമീപ പ്രദേശങ്ങളിലും എത്തുന്ന വാഹന ഡ്രൈവർമാരെ ലക്ഷ്യമാക്കിയാണ് കഞ്ചാവ് – മയക്കുമരുന്നു ലോബികൾ രംഗത്തിറങ്ങിയത്. ഷാഡോ ടീം മഫ്തിയിൽ ആവശ്യക്കാരെന്ന വ്യാജേന കണ്ണൂരിൽ നിന്നു വന്ന വാഹന ഡ്രൈവറെ സമീപിച്ചപ്പോൾ റാന്നിയിൽ നിന്നും കഞ്ചാവും ഗുളികയുമായി യുവാക്കൾ എത്തുകയായിരുന്നു.
റെയ്ഡിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അഭിലാഷ്, ഷാഡോ ടീം മാമ്മൻ സാമുവൽ, പി.ആർ. രതീഷ്, സിഇഒമാരായ ഹാംലെറ്റ്, ടി.എ. സമീർ, ആനന്ദ് ബാബു പങ്കെടുത്തു.