കോട്ടയം: കോട്ടയത്ത് ഇന്നലെ അഞ്ചു കിലോ കഞ്ചാവുമായി പിടിയിലായത് തോട്ടത്തിൽനിന്ന് കഞ്ചാവ് നേരിട്ടു വാങ്ങി വിൽപ്പന നടത്തുന്നവരിൽ പ്രമുഖൻ. കന്പത്തെ കഞ്ചാവ് കൃഷിക്കാരുമായി നേരിട്ടു ബന്ധമുള്ള കേരളത്തിലെ രണ്ടോ മൂന്നോ പേരിൽ പ്രമുഖനാണ് പിടിയിലായ ഇടുക്കി കൊന്നത്തടി അഞ്ചാംമൈൽ മാവനാൽ ശ്യാംദാസ്(36). ഇയാളോടൊപ്പം ഉണ്ടായിരുന്ന ഇടുക്കി പണിക്കൻകുടി അരീക്കൽ സൗമ്യ ജോണ്സണ്(36) ആണ് കഞ്ചാവ് കൈമാറുന്നത്.
ശ്യാംദാസിനെ കഞ്ചാവുമായി കേരളത്തിൽ ആദ്യം പോലീസ് പിടികൂടുന്നത് ഇന്നലെയാണ്. മുൻപ് ഇടുക്കിയിലെ എക്സൈസ് പല തവണ പിടികൂടിയിട്ടുണ്ടെങ്കിലും പോലീസ് പിടികൂടിയിരുന്നില്ല. ശ്യാംദാസിന് കേരളത്തിലെ എല്ലാ ജില്ലകളിലും കഞ്ചാവ് വിതരണത്തിന് ഇടനിലക്കാരുണ്ട്. ഇവരെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഫോണ് നന്പരുകളും പോലീസിന് ലഭിച്ചു.
അതുപോലെ കഞ്ചാവ് എത്തിക്കാൻ 20 സ്ത്രീകൾ ഇയാളുടെ സംഘത്തിൽ പ്രവർത്തിക്കുന്നതായും പോലീസിന് വിവരം ലഭിച്ചു. നല്ല പ്രതിഫലം ലഭിക്കുന്നതാണ് സ്ത്രീകൾ ഈ പ്രവർത്തിക്ക് എത്തുന്നതിന്റെ കാരണം. പോലീസ് , എക്സൈസ് പരിശോധനയുണ്ടാകുന്പോൾ പിടിക്കപ്പെടാതിരിക്കാനും സ്ത്രീകളെ മറയാക്കി ഉപയോഗിച്ചു വരികയായിരുന്നു. സിനിമാ മേഖലയിലേക്കും കഞ്ചാവ് വിതരണം ചെയ്തു വന്നിരുന്നതായി ഇയാൾ സമ്മതിച്ചിട്ടുണ്ട്.
തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് ശ്യാംദാസ് കഞ്ചാവ് എത്തിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കുമളി അടക്കമുള്ള ചെക്കപോസ്റ്റ് വഴി ഒരിക്കലും ഇയാൾ കഞ്ചാവുമായി വരില്ല. കന്പത്തു നിന്ന് കോട്ടയത്തേക്ക് കഞ്ചാവ് എത്തിക്കണമെങ്കിൽ ഇയാൾ ആദ്യം മധുരയ്ക്കു പോകും. അവിടെ നിന്ന് ട്രെയിൻ മാർഗമാവും കോട്ടയത്ത് എത്തുക. കഞ്ചാവ് പൊതി ബർത്തിലാവും സൂക്ഷിക്കുക. സ്ഥലത്തെത്തിയാൽ ഒപ്പമുള്ള സ്ത്രീയാണ് കഞ്ചാവ് അടങ്ങിയ ബാഗ് എടുക്കുക. കുടുംബം യാത്ര ചെയ്യുന്നതുപോലെയേ മറ്റുള്ളവർക്കു തോന്നുകയുള്ളൂ.
മറ്റൊരു തന്ത്രം കോട്ടയത്തുകാർക്കുള്ള കഞ്ചാവ് ചിലപ്പോൾ തൃശൂരിലാവും എത്തിക്കുക. കോട്ടയത്തെ ഇടനിലക്കാരൻ തൃശൂരിൽ എത്തി കഞ്ചാവ് ഏറ്റുവാങ്ങണം. അങ്ങനെ കഞ്ചാവ് എത്തിക്കുന്നതിന് പല തന്ത്രങ്ങളും പ്രയോഗിക്കും.
കന്പത്ത് കൃഷിക്കാരിൽ നിന്ന് കിലോഗ്രാമിന് 6000രൂപയ്ക്കു വാങ്ങുന്ന കഞ്ചാവ് ഇരുപതിനായിരം, ഇരുപത്തയ്യായിരം രൂപയ്ക്കാണ് വിൽക്കുന്നത്.
കന്പത്ത് കഞ്ചാവിന് ക്ഷാമം വരുന്പോൾ ആന്ധ്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് കഞ്ചാവ് എത്തിക്കും. ട്രെയിൻ മാർഗമാണ് അവിടെ നിന്നുള്ള കഞ്ചാവ് കൊണ്ടുവരുന്നത്. പാർസലായി വൻ തോതിൽ കഞ്ചാവ് കൊണ്ടുവന്നിട്ടുള്ളതായി ശ്യാംദാസ് മൊഴി നല്കി. ഇന്നലെ ഉച്ചയോടെ നഗരത്തിലെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് കഞ്ചാവുമായി ഇരുവരെയും പോലീസ് സംഘം അറസ്റ്റ് ചെയ് തത്.
കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിൽ വിതരണം ചെയ്യാനുള്ള കഞ്ചാവുമായി മൊത്തവിതരണക്കാരൻ ജില്ലയിലെത്തുമെന്നു നേരത്തെ പോലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്യാംദാസിനെപ്പറ്റി വിവരം ലഭിച്ചത്. മൂന്ന് ആഴ്ചയായി ഇയാളെ പോലീസ് നിരീക്ഷിച്ച് വരികയായിരുന്നു. തുടർന്ന് കഞ്ചാവ് വേണമെന്ന് ആവശ്യപ്പെട്ട് പോലീസ് ശ്യാംദാസിനെ സമീപിച്ചു. പിന്നീട് ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് 11,000 രൂപ നിക്ഷേപിച്ചു. ഇന്നലെ ഉച്ചയോടെ ട്രെയിൻ വഴി കഞ്ചാവ് എത്തിക്കാമെന്ന് ശ്യാംദാസ് പോലീസ് സംഘത്തെ അറിയിച്ചിരുന്നു.
പീന്നിടാണു ശ്യാമും സൗമ്യയും കഞ്ചാവുമായി നഗരത്തിലെ ഒരു ലോഡ്ജിൽ മുറിയെടുക്കാൻ എത്തിയ വിവരം പോലീസിനു ലഭിച്ചത്. തുടർന്നു പോലീസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. സൗമ്യയുടെ കൈയ്യിലുണ്ടായിരുന്ന ബാഗിൽ പ്ലാസ്റ്റിക് കവറും പേപ്പറും ഉപയോഗിച്ചു പൊതിഞ്ഞ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
സൗമ്യവഴിയാണ് ശ്യാംദാസ് ഇടപാടുകാർക്ക് കഞ്ചാവ് എത്തിച്ചുകൊടുത്തിരുന്നതെന്ന് പോലീസ് പറഞ്ഞു. ശ്യാംദാസിനെതിരെ കട്ടപ്പന പോലീസ് സ്റ്റേഷനിൽ 26 ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടാതെ അടിമാലി, പൈനാവ്, തങ്കമണി, ആലുവ എന്നീ സ്ഥലങ്ങളിൽ എക്സൈസ് കേസുകളുമുണ്ട്.
കോട്ടയം ഡിവൈഎസ്പി സഖറിയാ മാത്യു, ഈസ്റ്റ് എസ്എച്ച്ഒ സാജു വർഗീസ്, എസ്ഐ ടി.എസ്. റെനീഷ്, ജൂനിയർ എസ്ഐ ടി.ആർ. ദീപു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പി.എൻ. മനോജ്, ജോർജ് വി. ജോണ്, സിപിഒമാരായ പി.എം. സജു, ദിലീഷ് വർമ്മ, എ.എസ്. അനീഷ്, വനിതാ സിപിഒ ലാസ്മിൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.