നാദാപുരം: വാഹന പരിശോധനക്കിടെ മേഖലയിൽ വിൽപനക്കായി കൊണ്ടു വരികയായിരുന്ന 80 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ നാദാപുരം എക്സൈസ് അറസ്റ്റു ചെയ്തു. ചെക്യാട് സ്വദേശി പാലോള്ളതിൽ ഷിജിലേഷ് (30),വാണിമേൽ വെളളിയോട് സ്വദേശി കോട്ട് മുക്കത്ത് മനോജ് (43) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒന്പതരയ്ക്ക്
തലശേരി നാദാപുരം സംസ്ഥാന പാതയിൽ ആവോലം മൊതാക്കര പളളിക്ക് സമീപത്ത് വാഹന പരിശോധനക്കിടയിലാണ് രണ്ട് പേരും പിടിയിലായത്.ഇവർ സഞ്ചരിച്ചിരുന്ന കെഎൽ 18 എസ് 816 മോട്ടോർ ബൈക്ക് കസ്റ്റഡിയിലെടുത്തു.എക്സൈസ് സംഘം കൈകാണിച്ച് നിർത്തിയ ബൈക്കിൽ പേപ്പർ കവറിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.
പിടിയിലായ രണ്ട് പ്രതികളെയും നാദാപുരം കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.ആവോലം കല്ലാച്ചി റോഡിൽ കഞ്ചാവുമായി ഈയ്യങ്കോട് കാക്കാട്ടിൽ സ്വദേശി ഒതയോത്ത് നാണുവിനെ എക്സൈസ് സംഘം 25 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. അന്യ സംസ്ഥാന തൊഴിലാളികളെയും കോളജ് വിദ്യാർഥികളെയും കേന്ദ്രീകരിച്ചാണ് മേഖലയിൽ കഞ്ചാവ് എത്തിക്കുന്നത്.നാദാപുരം, കല്ലാച്ചി ടൗണുകളിൽ പട്ടാപ്പകൽ പോലും ലഹരി വിൽപന തകൃതിയാണ്.