ആലപ്പുഴ: പത്ത് പൊതി കഞ്ചാവുമായി പ്ലസ്ടു വിദ്യാർഥി എക്സൈസ് സംഘത്തിന്റെ പിടിയിൽ. മണ്ണഞ്ചേരി മുണ്ടത്തിൽവെളിയിൽ സ്വദേശിയാണ് എക്സൈസ് പിടിയിലായത്. നഗരത്തിലെ സമാന്തര കലാലയത്തിലെ പ്ലസ് ടു വിദ്യാർഥിയാണ് ഇയാൾ. കഞ്ചാവ് വിൽപ്പനയ്ക്കായി നൽകിയത് തന്റെ സഹോദരനാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ സഹോദരനെതിരെയും എക്സൈസ് കേസെടുത്തു.
നഗരത്തിന്റെ വടക്കൻ ഭാഗങ്ങളിലെ കഞ്ചാവ് വിൽപ്പനയിൽ പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് എക്സൈസ് പറഞ്ഞു. ആലപ്പുഴ എക്സൈസ് ഇൻസ്പെക്ടർ ഉനൈസ് അഹമ്മദ്, പ്രവന്റീവ് ഓഫീസർ ഇ.കെ. അനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ, ടോമിച്ചൻ, ഫാറുഖ്, ഷെരീഫ്, ജയകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.