ആലപ്പുഴ: രണ്ടേകാൽ കിലോഗ്രാം കഞ്ചാവുമായി തിരുവല്ല സ്വദേശികൾ പിടിയിലായ സംഭവത്തിൽ കഞ്ചാവ് എത്തിച്ചിരുന്നത് വിദ്യാർഥികൾക്കായിട്ടെന്ന് മൊഴി. ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് അന്പലപ്പുഴ, തകഴി, തിരുവല്ല പ്രദേശങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡിൽ ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന രണ്ടേകാൽ കിലോഗ്രാം കഞ്ചാവുമായി രണ്ടു തിരുവല്ല സ്വദേശികൾ പിടിയിലാവുകയായിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് ഷാഡോ അംഗങ്ങൾ നടത്തിയ വിവരശേഖരണത്തിൽ നിന്നും അന്പലപ്പുഴ, തകഴി, എടത്വ ഭാഗങ്ങളിൽ ഓട്ടോറിക്ഷയിൽ കഞ്ചാവ് വില്പന നടക്കുന്നു എന്ന വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിന്റെ നേത്യത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ഓട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവന്ന് സ്കൂൾ-കോളജ് വിദ്യാർഥികൾക്ക് വില്പന നടത്തിവന്ന തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ കുറ്റപ്പുഴ വാലുപറന്പിൽ വീട്ടിൽ ബിനോയിയെ(34) ഓട്ടോറിക്ഷ സഹിതം പിടികൂടിയത്. ഇയാളുടെ ഓട്ടോയിൽ നിന്നും കാൽക്കിലോയോളം കഞ്ചാവ് കണ്ടെടുത്തു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബിനോയ് ചാക്കോയ്ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന തിരുവല്ല താലൂക്ക് ചീരംചിറ ഭഗവതിപ്പറന്പിൽ വീട്ടിൽ മസ്താൻ എന്നു വിളിക്കുന്ന സുനിൽകുമാറിനെ (39) എക്സൈസ് സംഘം പിന്തുടർന്ന് അതിസാഹസികമായി പിടികൂടുകയായിരുന്നു. പരിശോധനയ്ക്കെത്തിയ എക്സൈസ് സംഘത്തെകണ്ട് മറ്റൊരു ഓട്ടോറിക്ഷയിൽ അപകടകരമായി വെട്ടിച്ചുകടന്ന സുനിൽകുമാറിനെ തിരുവല്ല ഇടിഞ്ഞില്ലം ജംഗ്ഷനിൽ വച്ച് തടഞ്ഞ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.
ഇയാളിൽ നിന്നും രണ്ടുകിലോയോളം കഞ്ചാവും പിടികൂടി. ഓട്ടോയും കസ്റ്റഡിയിലെടുത്തു.ഇയാൾ കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി-ക്വട്ടേഷൻ സംഘങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങി ചില്ലറ വില്പന നടത്തുകയാണെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 250, 500, രണ്ട് കിലോഗ്രാം അളവുകളിലാണ് കഞ്ചാവ് വില്പന. അരക്കിലോ കഞ്ചാവിനു 8000രൂപ മുതലുള്ള നിരക്കിലാണ് വില്പന.
നേരിട്ട് കഞ്ചാവ് ഇടനിലക്കാർ മുഖേന എടുത്തു ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് മൊബൈൽ ഫോണിലൂടെ ആവശ്യക്കാരെ ബന്ധപ്പെട്ട് വില്പന നടത്തുന്നതാണ് ഇവരുടെ രീതി. സമാന രീതിയിൽ കഞ്ചാവ് കച്ചവടം നടത്തിയതിനു തിരുവല്ല പോലീസ് സ്റ്റേഷനിൽ നിലവിൽ ഇയാൾക്കെതിരെ കേസുമുണ്ട്. തകഴി, അന്പലപ്പുഴ, എടത്വ കേന്ദ്രങ്ങളിലാണ് വില്പന.
ബിനോയ് സുനിൽകുമാറിന്റെ ദീർഘകാല സുഹൃത്തും സഹായിയുമാണ്. ബിനോയിൽ നിന്നും സുനിൽകുമാറിൽ നിന്നും കഞ്ചാവ് വാങ്ങിയ വിദ്യാർഥികളുൾപ്പെടെയുള്ളവരും എക്സൈസ് നിരീക്ഷണത്തിലാണെന്നും സർക്കിൾ ഇൻസ്പെക്ടർ അറിയിച്ചു. അന്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു.
ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ടിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ അമൽ രാജൻ, പ്രിവന്റീവ് ഓഫീസറ·ാരായ എം. ബൈജു, എൻ. സതീശൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആർ രവികുമാർ, കെ.ജി. ഓംകാർനാഥ്, റ്റി. ജിയേഷ്, എൻ.പി അരുണ്, കെ.ബി. ബിപിൻ, വി.എ. അഭിലാഷ്, വിപിനചന്ദ്രൻ എന്നിവർ പങ്കെടുത്തു.