തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. യാത്രക്കാരനായ കൊല്ലം ചിന്നക്കട സ്വദേശി ആസിഫ് ഇക്ബാലിനെയാണ് (26) അറസ്റ്റു ചെയ്ത്. ഇയാളുടെ ബാഗിൽ എട്ടുപൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇന്നു പുലർച്ചെ 5.30 ന് റെയിൽവേ പാലക്കാട് സബ് ഡിവിഷൻ ഡിവൈഎസ്പി സന്തോഷ് കുമാർ, ഷൊർണൂർ സർക്കിൾ റെയിൽവേ ഇൻസ്പെക്ടർ പി.വി.രമേഷ് എന്നിവരുടെ കീഴിൽ പ്രവർത്തിക്കുന്ന ഡാൻസഫ് സ്ക്വാഡിലെ അംഗങ്ങളായ എഎസ്ഐ അർഷദ, ജിഎസ് സിപിഒ അനിൽ, സിപിഒ നൗഷാദ്ഖാൻ എന്നിവർ ട്രെയിനുകളിലും പ്ലാറ്റ്ഫോമുകളിലും നടത്തിയ പരിശോധനയിലാണ് തൃശൂർ റെയിൽവേ ഒന്നാം നന്പർ പ്ലാറ്റ്ഫോമിന്റെ തെക്കുഭാഗത്ത് ഒരാളെ സംശയാസ്പദമായി ട്രാവലർ ബാഗുമായി നിൽക്കുന്നത് കണ്ടത്.
ഇയാളെ സ്ക്വാഡ് അംഗങ്ങൾ തടഞ്ഞുനിർത്തുകുകയും വിവരം തൃശൂർ റെയിൽവേ പോലീസ് എസ്എച്ച് തോമസിനെ അറിയിക്കുകയും ചെയ്തു.
തുടർന്ന് എസ്ഐ മാരായ മനോജ്, ജയകുമാർ, പോലീസ് സേനാംഗങ്ങളായ അരുണ്‍കുമാർ, ശബരീഷ് എന്നിവർ ഇയാളുടെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.
വിജയവാഡയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത് എന്നാണ് ഇയാളിൽ നിന്നും ലഭിച്ച വിവരം. കൂടുതൽ അന്വേഷണം നടത്തി വരുന്നതായി പോലീസ് പറഞ്ഞു.