തൃപ്രയാർ: 17 കിലോ കഞ്ചാവുമായി വലപ്പാട് ആറു പേർ പോലീസ് പിടിയിലായി. വാളയാർ സ്വദേശി കഞ്ചാവ് രാജ വടിവേലു എന്നറിയപ്പെടുന്ന വടിവേലു(32), പഴുവിൽ ചാഴൂർ റോഡ് പുഴങ്കരയില്ലത്ത് വീട്ടിൽ മൗസ് ബ്രോ എന്നു വിളിക്കുന്ന ഷാഫി (22), ചാഴൂർ ചെമ്മാനി വീട്ടിൽ വിബിൻ (29), മാങ്ങാട്ടുകര പടിയം പളളിയിൽ വീട്ടിൽ അഖിൽ(19), മാങ്ങാട്ടുകര വഴിയന്പലം ഏങ്ങടി വീട്ടിൽ നിഖിൽ(26), പഴുവിൽ വെസ്റ്റ് പട്ടാലി വീട്ടിൽ ഹരികൃഷ്ണൻ (21) എന്നിവരെയാണ് തൃശൂർ റൂറൽ ജില്ല ക്രൈം ബ്രാഞ്ച് സ്ക്വാഡും വലപ്പാട് പോലീസും ചേർന്ന് പിടികൂടിയത്.
ടിഎസ്ജിഎ സ്റ്റേഡിയത്തിനടുത്തുവെച്ചാണ് ഇവർ പോലീസിന്റെ പിടിയിലകപ്പെട്ടത്. രണ്ടാം പ്രതിയായ ഷാഫിയാണ് കഞ്ചാവ് കടത്തുന്നതിലെ മുഖ്യകണ്ണി.തൃശൂർ, എറണാകുളം ജില്ലകളിലെ പല ചില്ലറ വിൽപനക്കാർക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്നത് ഷാഫിയാണ്.ഷാഫി അന്തിക്കാട് പോലീസ് സ്റ്റേഷനിലെ റൗഡിയും തമിഴ്നാട്ടിലെ കഞ്ചാവ് കേസിലും പ്രതിയാണ്. തമിഴ് നാട്ടിലെ ജയിലിൽ കിടന്നപ്പോഴുള്ള പരിചയം വെച്ചാണ് ഇയാൾ കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നത്.
കളമശേരിയിലെ എൻജിനീയറിംഗ് കോളജ് വിദ്യാർഥികൾക്കൊപ്പം കളമശേരിയിൽ വാടകവീട്ടിലാണ് ഷാഫിയുടെ താമസം. പോലീസ് ശ്രദ്ധിക്കാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവിടെയിരുന്നാണ് ഇയാൾ കഞ്ചാവ് കച്ചവടം നിയന്ത്രിച്ചിരുന്നത്. കേസിലെ ഒന്നാം പ്രതിയായ വടിവേലു ആന്ദ്രയിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് തമിഴ്നാട്ടിലും കേരളത്തിലും വിതരണം ചെയ്യുന്നതിലെ പ്രധാനിയാണ്.
വിബിൻ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഇയാൾക്ക് കാട്ടൂർ, ചേർപ്പ്, എന്നീ സ്റ്റേഷനുകളിൽ കേസുകൾ ഉണ്ട്.ഇവർ പുതിയ ചെറുപ്പക്കാരെ സംഘത്തിൽ ചേർത്ത് പ്രവർത്തനം വിപുലീകരിച്ചു വരികയായിരുന്നു.തമിഴ്നാട്ടിലെ പൊള്ളാച്ചി, പഴനി, കോയന്പത്തൂർ എന്നിവിടങ്ങളിൽ നിന്നും ബസ് മാർഗം തൃപ്രയാറിലേക്ക് കൊണ്ടുവന്ന ശേഷം ടിഎസ്ജിഎ സ്റ്റേഡിയം പരിസരത്തുവെച്ചു കഞ്ചാവ് കൈമാറുന്പോഴാണ് പ്രതികൾ പോലീസിന്റെ പിടിയിലായത്.
തൃശൂർ റൂറൽ ജില്ലപോലീസ് മേധാവി യതീഷ് ചന്ദ്രയുടെ നിർദ്ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ്, തൃശൂർ റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഫ്രാൻസിസ് ഷെൽബി എന്നിവരുടെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റി നാർക്കോടിക്സ് സ്പെഷ്യൽ ഫോഴ്സ് ടീം അംഗങ്ങളായ വലപ്പാട് സിഐ ഷൈജു, വലപ്പാട് എസ്ഐ ബൈജു,
റൂറൽ ക്രൈം ബ്രാഞ്ച് എസ്ഐ എം.പി.മുഹമ്മദ് റാഫി, സീനിയർ സിപിഒമാരായ രാഗേഷ്, ജയകൃഷ്ണൻ,ജോബ്, സുദേവ്, സിപിഒ ലിജു ഇയ്യാനി, വലപ്പാട് പോലീസ് സ്റ്റേഷൻ ജൂനിയർ എസ്ഐ രതീഷ്, സീനിയർ സിപിഒ റഫീഖ്, ജലീൽ, ഉല്ലാസ്, സിപിഒ ഷൈൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.