ശ്രീകണ്ഠപുരം: വളർത്തു നായ പരിശീലന കേന്ദ്രത്തിന്റെ മറവിൽ കഞ്ചാവ് വിൽപന നടത്തിയ പരിശീലകൻ അറസ്റ്റിൽ. തൃശൂർ കുര്യച്ചിറ ഒല്ലൂരിലെ നെല്ലിക്കൽ പാലക്കുഴിയിൽ വൈശാഖ് എൻ. വിനയനെ (21) യാണ് ശ്രീകണ്ഠപുരം എക്സൈസ് പ്രിവന്റീവ് ഓഫീസർ പി.ടി. യേശുദാസനും സംഘവും ഇന്ന് രാവിലെ അറസ്റ്റ് ചെയ്തത്. ബാഗുകളിലാക്കി കട്ടിലിനടിയിൽ സൂക്ഷിച്ച അഞ്ച് പായ്ക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു.
ശ്രീകണ്ഠപുരം-പയ്യാവൂർ റോഡരികിൽ നെടുങ്ങോം റബർ എസ്റ്റേറ്റിന് സമീപം വാടക വീട് കേന്ദ്രീകരിച്ചാണ് നായ പരിശീലനകേന്ദ്രം നടത്തിയിരുന്നത്. ഇയാളുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഇവിടുന്ന് വളർത്തുനായകൾക്ക് പരിശീലനം നൽകിയിരുന്നത്.
മലയോര മേഖലകളിലെ നിരവധി വീടുകളിൽ നിന്ന് നായകളെ ഇവിടെ പരിശീലിപ്പിക്കാനെത്തിക്കാറുമുണ്ടായിരുന്നു. ഇതിന്റെ മറവിലാണ് കഞ്ചാവ് ഇടപാട് നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ പി. ഷിബു, ഗോവിന്ദൻ മൂലയിൽ, എം.വി. അഷ്റഫ്, പി.വി. പ്രകാശൻ, വി. ലത്തീഫ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.