കോട്ടയം: വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്യാൻ കോളജിനു മുന്നിലെത്തിയ യുവാവിനെ കഞ്ചാവ് സഹിതം കുറവിലങ്ങാട് പോലീസ് അറസ്റ്റു ചെയ്തു. കിടങ്ങൂർ നെടുമറ്റത്തിൽ യദുമോഹൻ (26) ആണ് അറസ്റ്റിലായത്. ഇയാളുടെ കാറിന്റെ ഡിക്കിയിൽനിന്ന് 31 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ വൈകുന്നേരം കോളജിനു മുന്നിൽ പോലീസ് എത്തിയപ്പോൾ സംശയം തോന്നി കാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് പിടികൂടിയത്.
പിടിയിലായ യദുമോഹൻ വിദ്യാർഥികൾക്ക് കഞ്ചാവ് വിതരണം ചെയ്തു വരികയായിരുന്നുവെന്ന് എസ്ഐ ഷമീർഖാൻ പറഞ്ഞു. കാർ കസ്റ്റഡിയിലെടുത്തു. ഇന്നു കോടതിയിൽ ഹാജരാക്കും. വിദ്യാർഥികൾക്ക് കഞ്ചാവ് നല്കാൻ വന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമുള്ള വകുപ്പു കൂടി ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തതെന്നും പോലീസ് അറിയിച്ചു.