നെടുങ്കണ്ടം: കന്പംമെട്ട് ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവുമായി എംബിഎ ബിരുദധാരിയും സ്ത്രീയും ഉൾപ്പെടെ നാലുപേർ പിടിയിലായി. വ്യത്യസ്ത കേസുകളിലായി നാലുപേരിൽനിന്നു കാൽ കിലോ കഞ്ചാവാണു കണ്ടെത്തിയത്.
ബസിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശികളെ കഴിഞ്ഞദിവസം രാത്രിയിലാണ് പിടികൂടിയത്. ഇവരിൽനിന്നും 76 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഉടുന്പൻചോല വള്ളിക്കടവ് എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അളകർ(50), തേനി വരശുനാട് അനക്കംപെട്ടി പാണ്ഡ്യൻ(42) എന്നിവരാണ് അറസ്റ്റിലായത്. അളകർ സ്വന്തം ആവശ്യത്തിനും പാണ്ഡ്യൻ വിൽപ്പനയ്ക്കുമാണ് തമിഴ്നാട്ടിലെ കന്പത്തുനിന്നു കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
ഇന്നലെ കന്പത്തുനിന്നു തമിഴ്നാട് ബസിൽ കഞ്ചാവുമായെത്തിയ എംബിഎ ബിരുദധാരിയായ കണ്ണൂർ ഇരിക്കൂർ നൂർമഹൽ വീട്ടിൽ യൂനസി(22)ന്റെ കൈയിൽനിന്നും 150 ഗ്രാം കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു. എറണാകുളത്ത് സ്വകാര്യ കന്പനിയിലെ ജീവനക്കാരനാണ് യൂനസ്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ തമിഴ്നാട് ബസിലെത്തിയ തേനി ഉത്തമപാളയം മേലെചന്തിലച്ചേരി കോളനിപ്പടി ലക്ഷ്മി(38)യുടെ പക്കൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിൽനിന്നുമാണ് 72 ഗ്രാം കഞ്ചാവ് പിടികൂടിയത്. കന്പംമെട്ട് എക്സൈസ് ഇൻസ്പെക്ടർ ജി. അനിൽകുമാർ, പ്രിവന്റീവ് ഓഫീസർമാരായ ജോണ്സണ്, യൂനസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ബി. ആനന്ദരാജ്, ജിൻസണ്, രാധാകൃഷ്ണൻ, ഷിജ, ഡെൻസണ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കഞ്ചാവ് വിൽപ്പനയ്ക്കിടെ ഇന്നലെ അടിമാലയിലും രണ്ടുപേർ അറസ്റ്റിലായി. അടിമാലി പ്രിയദർശിനി കോളനിയിൽ താമസിക്കുന്ന ബൈജു(35), അടിമാലി സ്വദേശി റഷീദ്(44) എന്നിവരെയാണ് അടിമാലി എസ്ഐ സന്തോഷ് സജീവിന്റെ നേതൃത്വത്തിലുളള പോലീസ് പിടികൂടിയത്. ഇവരിൽനിന്നു 35 ഗ്രാം കഞ്ചാവും പിടികൂടി. സ്ഥിരമായി കഞ്ചാവ് വിൽപന നടത്തിവരുന്നവരാണ് ഇവരെന്നു പോലീസ് പറഞ്ഞു.