കഴക്കൂട്ടം: മേനംകുളം ഭാഗത്തു നിന്നും രണ്ടര കിലോ കഞ്ചാവുമായി യുവാവിനെ സിറ്റി ഷാഡോ പോലീസ് പിടികൂടി. കഴക്കൂട്ടം മേനംകുളം പീറ്റർ ഹൗസിൽ ഡോമിനിക്(22)നെയാണ് കഴക്കൂട്ടം സൈബർ സിറ്റി പോലീസ് അറസ്റ്റു ചെയ്തത്.കഴിഞ്ഞ ആഴ്ചകളിലായി സിറ്റി ഷാഡോ പോലീസ് വലുതും ചെറുതുമായ നിരവധി കഞ്ചാവ് കച്ചവടക്കാരെ പിടികൂടിയിരുന്നു.
സൈബർ സിറ്റി കേന്ദ്രീകരിച്ച് വ്യാപകമായ രീതിയിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഇയാളെ പിടികൂടി ചോദ്യം ചെയ്തതിൽ ടെക്നോപാർക്ക് , തീരദേശ മേഖലയിലെ സ്കൂൾ വിദ്യാർഥികൾക്കും, കടൽ ജോലിക്കാർ തുടങ്ങിയവർക്ക് കഞ്ചാവ് വിപണനം ചെയ്തു വരുന്നതായും സമ്മതിച്ചിട്ടുണ്ട്.
ഇയാൾ അന്യസംസ്ഥാനങ്ങളിൽ നിന്നാണ് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി അമിത വിലയ്ക്ക് ഇവിടെ വിപണനം ചെയ്യുന്നത്.
ഇയാളിൽ നിന്നും കൂടുതൽ കഞ്ചാവ് വിൽപ്പനക്കാരെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടുണ്ടെന്നും ഇവർ ഉടൻ തന്നെ പിടിയിലാകുമെന്നും സിറ്റി പോലീസ് കമ്മീഷണർ പി. പ്രകാശ് അറിയിച്ചു.
ഡിസിപി ജയദേവ്, കണ്ട്രോൾ റൂം അസിസ്റ്റന്റ് കമ്മീഷണർ വി. സുരേഷ് കുമാർ, കഴക്കൂട്ടം സിഐ അജയകുമാർ, എസ്ഐ സുധീഷ്കുമാർ, ഷാഡോ എഎസ്ഐ അരുണ്‍കുമാർ, യശോധരൻ, സിറ്റിഷാഡോ ടീമംഗങ്ങൾ എന്നിവർ അറസ്റ്റിനും അന്വേഷണത്തിനും നേതൃത്വം നൽകി.