ഏറ്റുമാനൂർ: അതിരമ്പുഴയിൽ വൻ കഞ്ചാവ് വേട്ട. രണ്ടു കിലോഗ്രാമിലേറെ കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ. നിർമാണത്തൊഴിലാളിയായ ഒഡീഷ സ്വദേശി നാരായൺ നായിക് (35) ആണ് ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത്.
നാട്ടിൽപോയി അതിരമ്പുഴയിലേക്ക് മടങ്ങി എത്തുമ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷനിൽനിന്ന് അതിരന്പുഴയിലെ താമസ സ്ഥലത്തേക്ക് എത്തും വഴി അതിരമ്പുഴ ടൗണിനു സമീപമുള്ള പെട്രോൾ പമ്പിനും യൂണിവേഴ്സിറ്റിക്കും ഇടയിൽ ഇന്നലെ രാവിലെ ഒമ്പതോയോടെ ഗാന്ധിനഗർ പോലീസ് പിടികൂടുകയായിരുന്നു.
പരിശോധനയിൽ ഇയാളുടെ ബാഗിൽനിന്ന് 2.070 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. അഞ്ച് വർഷത്തോളമായി അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലും നിർമാണ ജോലികൾ ചെയ്തു വരുന്നയാളാണ് നാരായൺ നായിക്.
ഇയാൾ നാട്ടിൽ പോയി വരുമ്പോഴെല്ലാം വില്പനയ്ക്കായി കഞ്ചാവ് കൊണ്ടുവരുന്നതായി സൂചന ലഭിച്ചതിനെത്തുടർന്ന് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ നാട്ടിൽനിന്ന് ഇയാൾ എത്തുന്ന വിവരമറിഞ്ഞ പോലീസ് അതിരമ്പുഴയിൽ കാത്തുനിന്ന് പിടികൂടുകയായിരുന്നു.
ഇരകൾ വിദ്യാർഥികൾ
ഇയാളുടെ കഞ്ചാവ് കച്ചവടത്തിന്റെ പ്രധാന ഇരകൾ വിദ്യാർഥികളാണ്. യൂണിവേഴ്സിറ്റി അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് ഇയാളുടെ ഇടപാടുകാർ. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിക്കുന്ന പ്രധാന കച്ചവടക്കാരിൽ ഒരാളാണ് ഇയാളെന്നാണ് കരുതുന്നത്. ഇയാളിൽനിന്നു കഞ്ചാവ് വാങ്ങി വിൽപന നടത്തുന്നവർ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പണം ഭാര്യയുടെ അക്കൗണ്ടിലേക്ക്
കഞ്ചാവ് വാങ്ങുന്നവർ ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറിയിരുന്നത്. ഗൂഗിൾ പേ വഴിയായിരുന്നു ഇടപാടുകൾ. ഗാന്ധിനഗർ എസ്ഐ എം.കെ. അനുരാജ്, എഎസ്ഐ സി. സൂരജ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, രഞ്ജിത്ത്, സജിത്ത് എന്നിവരാണ് പ്രതിയെ പിടികൂടിയത്.