കുളത്തൂപ്പുഴ: എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കക എന്ന ലക്ഷ്യത്തോടെ നന്മയോടൊപ്പം എന്ന പേരില്‍ കുളത്തൂപ്പുഴ വില്ലുമല പട്ടികവര്‍ഗ്ഗ കമ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച പരിപാടി കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രഞ്ജിത് എ. എസ്. ഉദ്ഘാടനം ചെയ്തു.
കോളനികളില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ലഹരി വിപണന കേന്ദ്രങ്ങളെ കുറിച്ച് അധികൃതര്‍ക്ക് വിവരം ലഭ്യമാക്കണമെന്നും ലഹരിക്കടിമപ്പെട്ട് കുടുംബത്തിനും നാടിനും ഉപയോഗമില്ലാത്തവരായി മാറിയവരെ കണ്ടെത്തി ബോധവത്കരിക്കുന്നതിനും ഡി-അഡിക്ഷന് സെന്ററുകളിലെത്തിച്ച് സാധാരണ ജിവിതത്തിലേക്ക് ഇവരെ മടക്കികൊണ്ടുവരുന്നതിനുമുള്ള സൗകര്യങ്ങള്‍ വകുപ്പ് നേതൃത്വത്തില്‍ നടപ്പിലുണ്ടെന്നും അതിനായി നാട്ടുകാര്‍ കൂടി സഹകരിച്ചാല്‍ ലഹരിയെന്ന വിപത്തില്‍ നിന്നും നാടിനെ ഒന്നാകെ രക്ഷിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വനം വകുപ്പ് ആര്യങ്കാവ് റേഞ്ച് ഒാഫീസര്‍ സതീശന്. എന്‍. വി. മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ, ഉന്നത വിദ്യാഭ്യാസം നേടിയ പട്ടികവര്ഗവിദ്യാര്ഥികളെ ആദരിക്കല്‍, പി.എസ്. സി. പരിശീലനത്തിനുള്ള റാങ്ക് ഫയല്‍ വിതരണം തുടങ്ങിയവയും നടന്നു.
റിട്ട. ഡിവൈഎസ്. പി. കുട്ടപ്പന്, ഡോ. എസ്. ആനന്ദ്, അഡ്വ. യു. ബിജു, അശ്വന്ത്. എസ്. സുന്ദരം തുടങ്ങിയവര്‍ വിവിധവിഷയങ്ങളിൽ ക്ലാസെടുത്തു. വില്ലുമല ഗിരിവര്‍ഗ്ഗ കോളനി ഊരുമൂപ്പന് തങ്കപ്പന് കാണി, കൊല്ലം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ രഞ്ജിത്. എ. എസ്, സിഐ കെ. പി. മോഹന്‍, എസ്ഐ ജി. പ്രശാന്ത്, പെരുവഴിക്കാല ഗിരിവര്‍ഗ കോളനി ഊരുമൂപ്പന് ബാബു കാണി, ഒാമന, അജിത്, ബിജു. എന്‍. ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു. വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടിയുടെ അവസാനം നാടന്‍പാട്ടും നാടന്‍കലാ രൂപങ്ങളുടെ അവതരണവും സംഘടിപ്പിച്ചു.