പാനൂർ(കണ്ണൂർ): കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിന്റെ നിയന്ത്രണം ആന്ധ്ര സ്വദേശി നാഗപ്പനാണെന്ന് കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതിയുടെ വെളിപ്പെടുത്തൽ. ആറുകിലോ കഞ്ചാവ് കടത്തവേ പാനൂർ പോലീസിന്റെ പിടിയിലായി ജയിലിൽ കഴിയുന്ന തളിപ്പറമ്പ് കുറുമാത്തൂരിലെ ചെക്കന്റകത്ത് അബ്ദുൾ ജാഫറി (46) നെ പോലീസ് കസ്റ്റഡിയിൽ വാങ്ങി പാനൂർ സിഐ ടി.പി.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.
ആന്ധ്രയിലെ നാഗപട്ടണത്തിലെ തൂനിയിൽ നിന്നാണ് വ്യാപകമായി കേരളത്തിലേക്ക് കഞ്ചാവ് ഒഴുകുന്നത്. കഞ്ചാവ് മൊത്തവ്യാപാരി നാഗപ്പന്റെ നേതൃത്വത്തിലാണ് കേരളത്തെ മൊത്തം വിഴുങ്ങുന്ന കഞ്ചാവ് വ്യാപാരം അരങ്ങു തകർക്കുന്നത്. ചെറിയ ചെറിയ പായ്ക്കറ്റുകളാക്കി ബസുകളിലൂടെയാണ് കടത്ത്. ബസിൽ കയറ്റിയാൽ വാങ്ങിയാൾക്കാണ് പൂർണ ഉത്തരവാദിത്വം.
പിടിയിലായാലും സ്വയം ഉത്തരവാദിത്വമേൽക്കണം. ദിവസേന ലക്ഷകണക്കിന് രൂപയുടെ കഞ്ചാവാണ് ഇവിടെ നിന്നും കടത്തി പോവുന്നത്. കേരളത്തിലെ ഏജന്റുമാർ ഇത് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി എത്തിക്കുന്നു. പിടിയിലായി ജയിലിലായാലും ജയിലിൽ വെച്ചും കച്ചവടം തകൃതിയായി നടക്കുന്നതിനാൽ പോലീസ് പിടിയാവുന്നത് ഇവർക്ക് ഒരു പ്രശ്നവുമില്ല.
കഴിഞ്ഞ ദിവസം പോലീസ് പിടിയിലായ ജാഫറിന്റെ പ്രധാന വിൽപന കേന്ദ്രം കോഴിക്കോടാണ്. സബ് ഏജന്റുമാർക്കാണ് പ്രധാനമായും ജാഫർ കഞ്ചാവ് കൈമാറുന്നത്. സ്കൂൾ – കോളജ് കുട്ടികൾക്ക് നേരിട്ടും വിൽപന നടത്തുന്നുണ്ട്. മയ്യിൽ സ്വദേശിയുടെ വാടകയ്ക്ക് എടുത്ത കെ എൽ.58 ക്യു ഇന്നോവയിൽ കടത്തവേയാണ് വാഹന പരിശോധനയ്ക്കിടെ വള്ളങ്ങാട് വെച്ച് പോലീസ് പിടികൂടിയത്.ജാഫറിനെ ചോദ്യം ചെയ്യലിന് ശേഷം പാനൂർ പോലീസ് തലശേരി കോടതിയിൽ ഹാജരാക്കി.പ്രതിയെ കോടതി വീണ്ടും ജയിലിലേക്കയച്ചു.