കൊച്ചി: എംഡിഎംഎയുമായി യുവാവ് കൊച്ചിയിൽ പിടിയിലായ കേസിൽ അന്വേഷണം ബംഗളൂരുവിലേക്ക് വ്യാപിപ്പിക്കാൻ പോലീസ്.
പ്രതി പനമ്പള്ളിനഗർ പുത്തൻമഠത്തിൽ എൽഐജി 767ൽ അമൽ നായർ(38) ലഹരിമരുന്ന് എത്തിച്ചിരുന്നത് ബംഗളൂരുവിൽ നിന്നാണ്. എറണാകുളം കലൂരിൽ അടച്ചുപൂട്ടിയ പപ്പടവട റസ്റ്ററന്റിന്റെ സഹയുടമയാണ് ഇയാൾ.
കഴിഞ്ഞ വർഷം ലഹരിക്കേസിൽ അറസ്റ്റിലായ അമലിന് അന്ന് മയക്കുമരുന്ന് നൽകിയിരുന്നത് ബംഗളൂരുവിലെ ആഫ്രിക്കൻ വംശജനാണ്. ഈ കേസിലും ആഫ്രിക്കൻ വംശജന് പങ്കുള്ളതായാണ് സംശയം.
പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. തുടർന്ന് ഇയാളുമായി ബംഗളൂരുവിലേക്ക് തിരിക്കും. കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും.
ശനിയാഴ്ച രാത്രിയാണ് അമൽ അറസ്റ്റിലായത്. കൊറിയർ സർവീസ് വഴി ബംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അമൽ നായർ.
14.75 ഗ്രാം രാസലഹരിയും കഞ്ചാവ് സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറുമായാണ് സൗത്ത് പോലീസ് ഇയാളെ പിടികൂടിയത്. രവിപുരം ശ്മശാനത്തിനു സമീപം കാറിലെത്തി ലഹരി മരുന്നു വിൽപ്പന നടത്തുന്നതിനിടെയാണ് അറസ്റ്റ്.
പനമ്പിള്ളിനഗറിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ലഹരിമരുന്ന് തൂക്കാനുള്ള ഡിജിറ്റൽ ത്രാസ്, പൊതിയാനുള്ള പ്ലാസ്റ്റിക് കവറുകൾ, 3.75 ലക്ഷം രൂപ എന്നിവ കണ്ടെടുത്തു.
ബംഗളൂരുവിൽ നിന്ന് കൂടിയ അളവിൽ രാസലഹരി കൊറിയർ സർവീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും മാലിന്യകൂനയിലും വയ്ക്കുന്നതാണു പതിവ്.
തുടർന്ന് ഇതിന്റെ ഫോട്ടോ എടുത്ത് ഇടപാടുകാർക്ക് അയച്ചു കൊടുക്കും. ഇടപാടുകാർ വന്നു ലഹരിമരുന്ന് എടുത്ത ശേഷം പണം ഓൺലൈൻ വഴി കൈപ്പറ്റുന്നതാണ് രീതി.
സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.