ആലപ്പുഴ: കാറിൽ കഞ്ചാവ് കടത്തിയ രണ്ട് യുവാക്കൾ എക്സൈസിന്റെ പിടിയിലായി. കാറിൽ കഞ്ചാവ് വിൽപന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാവേലിക്കര, നൂറനാട് ഭാഗങ്ങളിൽ ആലപ്പുഴ എക്സൈസ് സ്പെഷൽ സ്ക്വാഡും ഇന്റലിജൻസ് ബ്യൂറോയും ചേർന്ന് 12 ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കാൽ കിലോ കഞ്ചാവടക്കം പിടികൂടിയത്.
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ കണ്ണനാകുഴി മുറി ലക്ഷ്മി ഭവനം വീട്ടിൽ ശ്രീരാജ് (20), മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ വേടരപ്ലാവ് വിളയിൽ വീട്ടിൽ സുനിൽ (25) എന്നിവരെയാണ് പിടികൂടിയത്. മാവേലിക്കര, നൂറനാട്, ചാരുമ്മൂട്, കറ്റാനം ഭാഗങ്ങളിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനാണ് പിടികൂടിയ ശ്രീരാജ്. ശ്രീരാജാണ് കഞ്ചാവ് വിൽപന സംഘത്തിലെ പ്രധാനി. സഹായിയാണ് സുനിൽ. അഞ്ച് ഗ്രാമിന്റെ ചെറിയ പാക്കറ്റുകളായാണ് കഞ്ചാവ് വിൽപന നടത്തിവന്നിരുന്നത്.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ഇവർ നൂറനാട് ഭാഗത്ത് ഒരു വർഷം മുൻപ് നടന്ന കൊലക്കേസിലെ പ്രതികൾ കൂടിയാണ്. ഓണം വിപണി ലക്ഷ്യമിട്ട് ജില്ലയുടെ തെക്കൻ പ്രദേശങ്ങളായ ഹരിപ്പാട്, കായംകുളം, ചെങ്ങന്നൂർ, നൂറനാട്, മാവേലിക്കര മേഖലകളിൽ കൂടിയ അളവിൽ കഞ്ചാവെത്തിയതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ ഭാഗങ്ങളിലെ ലഹരി മാഫിയാ സംഘങ്ങൾ എക്സൈസിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്. ഇവരിൽ നിന്നും ഗഞ്ചാവ് വാങ്ങിയവർക്കെതിരെ അന്വേഷണം ശക്തിപ്പെടുത്തിയിട്ടുണ്ട്.
റെയ്ഡിൽ എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ വി. റോബർട്ട്, പ്രിവന്റീവ് ഓഫീസർമാരായ വി. ബെന്നിമോൻ, വി.ജെ. ടോമിച്ചൻ, എൻ. ബാബു, പി.സി. ഗിരീഷ്, ഐ. ഷിഹാബ്, സിവിൽ എക്സൈസ് ഓഫീസർമാരായ വി. അരുണ്, കെ.ജി. ഓംകാർനാഥ്, റ്റി. ജിയേഷ്, ഡ്രൈവർ സന്തോഷ് എന്നിവർ പങ്കെടുത്തു. മദ്യം, മയക്കുമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട പരാതികളെയും കുറ്റക്യത്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ 0477 2251639, 9400069494, 9400069495 എന്നീ നന്പരുകളിൽ വിളിച്ചറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.