കണ്ണൂർ: കണ്ണൂരിൽ ടൗണിലും പരിസരപ്രദേശങ്ങളിലും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയായ യുവാവ് അറസ്റ്റിൽ. കുറവ പണ്ടാരവളപ്പ് സ്വദേശി സി. മുഹമ്മദ് സഫീർ(23)നെയാണ് കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും സംഘവും അറസ്റ്റ് ചെയ്തത്.
പ്രതിയുടെ കൈയിൽ നിന്നും 14.541 ഗ്രാം മെത്താംഫിറ്റാമിനും 1.200 ഗ്രാം ഹാഷിഷും മയക്കുമരുന്നുകൾ തൂക്കാൻ ഉപയോഗിക്കുന്ന ത്രാസും പിടിച്ചെടുത്തു.
എക്സൈസ് തയ്യിൽ പ്രദേശത്ത് നടത്തിയ പട്രോളിംഗിനിടെ സംശാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തയ്യിൽ- കുറുവ റോഡിൽ വച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്.
കണ്ണൂർ ടൗൺ ഭാഗത്തും മറ്റും മയക്കുമരുന്നുകൾ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ മുഹമ്മദ് സാഫീർ എന്ന് എക്സൈസ് പറഞ്ഞു. കണ്ണൂർ സിറ്റിയിൽ എസ്ഡിപിഐ പ്രവർത്തകനെ കുത്തിയ കേസിലെ പ്രതിയാണ് സാഫീർ. ഈ കേസിൽ 75 ദിവസം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പിടികൂടിയ സംഘത്തിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ എം.പി. ഷമീന, കെ.വി.ഷൈമ, സിവിൽ എക്സൈസ് ഓഫീസർമാരായ പി. നിഖിൽ, ടി.അനീഷ്, ഗണേഷ് ബാബു, എം,സജിത്ത്, എൻ. രജിത്ത് കുമാർ, സീനിയർ എക്സൈസ് ഡ്രൈവർ സി.അജിത്ത്,പ്രിവന്റീവ് ഓഫീസർ എം.പി. സർവജ്ഞൻ എന്നിവരും ഉണ്ടായിരുന്നു.