കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകൾ കേന്ദ്രീകരിച്ച് അതീവരഹസ്യമായി നടക്കുന്ന റേവ് പാർട്ടികൾക്കുവേണ്ടി മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിൽ എക്സൈസ് പിടികൂടിയ പ്രധാന കണ്ണിക്ക് മയക്കുമരുന്നുകൾ ലഭിച്ചതു ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ വിദേശിയിൽനിന്നെന്നു സൂചന. ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിന്റെ പിടിയിലായ ആലുവ ചുണങ്ങംവേലി സ്വദേശി ഒസാരി ഹൗസിൽ അബ്ദുൾ റഷീദി (34) നെ ചോദ്യം ചെയ്തതിൽനിന്നുമാണ് ഇതു സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് ലഭിച്ചത്.
അതീവ രഹസ്യമായി നടക്കുന്ന റേവ് പാർട്ടികളിൽ മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തെക്കുറിച്ച് നേരത്തേ തന്നെ ആലുവ റേഞ്ച് എക്സൈസ് ഷാഡോ സംഘത്തിനു വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു നടന്ന അന്വേഷണത്തിലാണു മയക്കുമരുന്നുമായി അബ്ദുൾ റഷീദ് പിടിയിലാകുന്നത്. ബംഗ്ളൂരുവിൽ സ്ഥിരതാമസമാക്കിയ ഒരു വിദേശിയിൽനിന്നാണു മയക്ക് മരുന്ന് വാങ്ങി കേരളത്തിലേയ്ക്ക് എത്തിക്കുന്നതെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച അന്വേഷണം നടന്ന് വരുകയാണെന്ന് അധികൃതർ അറിയിച്ചു.
റേവ് പാർട്ടികളിൽ പങ്കെടുക്കാൻ എത്തുന്ന ന്യൂജൻ തലമുറയ്ക്ക് ബെൻസോഡിയാസൈപൈൻ എന്നറിയപ്പെടുന്ന ഡയസെപാം ഐപി മയക്കു മരുന്നാണ് ഏറെ പ്രിയമെന്നും കഞ്ചാവ് പോലുള്ള കണ്ട്രി ഡ്രഗ്ഗുകൾ ഇത്തരം പാർട്ടികളിൽ ആരും തന്നെ ഉപയോഗിക്കാറില്ലായെന്നും ചോദ്യം ചെയ്യലിൽ ഇയാൾ പറഞ്ഞതായി അധികൃതർ അറിയിച്ചു.
ഉപഭോക്താക്കൾക്കിടയിൽ ഫ്രഞ്ച് ഫ്രൈസ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന 105 എണ്ണം ഡയസെപാം ഐപി മയക്കുമരുന്ന് ഗുളികകൾ റേവ് പാർട്ടികൾ സംഘടിപ്പിക്കുന്ന ഏജൻറിന് കൈമാറാൻ ആലുവയ്ക്കടുത്ത് ചൂണ്ടിയിൽ നിൽക്കുന്പോഴാണ് ഇയാൾ ഷാഡോ സംഘത്തിന്റെ വലയിലാകുന്നത്.
ആലുവയിൽ തന്പടിച്ചിരിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ വേരറുക്കുക എന്ന ഉദ്ദേശ്യത്തോടെ ഡെപ്യൂട്ടി കമ്മീഷണർ കെ. ചന്ദ്രപാലൻ രൂപപ്പെടുത്തിയ ഓപ്പറേഷൻ മണ്സൂണ് ഓപ്പറേഷന്റെ ഭാഗമായി ഷാഡോ സംഘം നടത്തിയ രഹസ്യ നീക്കത്തിലൂടെയാണു പ്രതി പിടിയിലാകുന്നത്.
ഇൻസ്പെക്ടർ ടി.കെ. ഗോപിയുടെ നേതൃത്വത്തിൽ പ്രിവൻറീവ് ഓഫീസർ വാസുദേവൻ, ഷാഡോ ടീമംഗങ്ങളായ എൻ.ഡി. ടോമി, എൻ.ജി. അജിത് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ സിയാദ്, നീതു എന്നിവരടങ്ങിയ സംഘമാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്.