മൂവാറ്റുപുഴ: കഞ്ചാവ് ഉപയോഗവും വില്പനയും സംബന്ധിച്ച് എക്സൈസിനു വിവരം കൈമാറിയ വയോധികനെ വീട്ടിൽ കയറി മർദിച്ചവശാനാക്കിയ സംഭവത്തിലെ പ്രതി പോലീസ് പിടിയിൽ. മുളവൂർ വിശ്വകർമ നഗർ പുൽപ്പനയിൽ അക്ഷയി(18) യെയാണ് എസ്ഐ ടി.എം. സൂഫിയും സംഘവും അറസ്റ്റ് ചെയ്തത്. മുളവൂർ കുടകുത്തിച്ചാലിൽ രാമചന്ദ്രനെ(75)യാണ് പ്രതി മർദിച്ചത്.
കഴിഞ്ഞ 19നു വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. രാമചന്ദ്രന്റെ വീട്ടിൽ കയറി ഒളിച്ചിരിക്കുകയായിരുന്ന അക്ഷയ് പുരയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയായിരുന്ന രാമചന്ദ്രൻ വീട്ടിലേക്ക് കയറുന്പോൾ കൈയിൽ കരുതിയിരുന്ന വടികൊണ്ട് അടിച്ച് വീഴ്ത്തുകയായിരുന്നു.
ഏതാനു നാൾ മുന്പ് എക്സൈസ് സംഘം അക്ഷയുടെ വീട്ടിൽനിന്ന് കഞ്ചാവ് കണ്ടെടുക്കുകയും ഇതേത്തുടർന്നു ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് രാമചന്ദ്രനെ ക്രൂരമായി മർദിച്ചതിനു കാരണമായതെന്ന് പോലീസ് പറഞ്ഞു. ആക്രമണത്തിനുശേഷം ബ്ലേഡ് ഉപയോഗിച്ച് സ്വയം ശരീരം മുറിച്ച അക്ഷയ് തന്നെ രാമചന്ദ്രൻ വാക്കത്തി ഉപയോഗിച്ച് വെട്ടിയതാണെന്ന് ആരോപിച്ച് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
രാമചന്ദ്രന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ അക്ഷയ് പിടിയിലാവുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ മേഖലയിൽ കഞ്ചാവ് വില്പനയും ഉപയോഗവും വർധിച്ചുവരുന്നതായി നേരത്തെ മുതൽ പരാതിയുള്ളതാണ്. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു സിഐ എം.എ. മുഹമ്മദ് അറിയിച്ചു.