കൊച്ചി: ഒരു കിലോ കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിലായ കേസിൽ പ്രതി കഞ്ചാവ് എത്തിച്ചത് പശ്ചിമബംഗാളിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശി ഫർമാൻ (19) ആണ് എളമക്കര, ഇടപ്പിള്ളി ഭാഗങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും, എളമക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇടപ്പള്ളി എച്ച്എംസി റോഡിൽ നിന്ന് പിടിയിലായത്.
ഇടപ്പളളി ഭാഗത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിൽ പോയി വരുന്പോഴാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോ കണക്കിനായിരുന്നു കഞ്ചാവ് കൊണ്ടുവന്നിരുന്നത്.
കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആവശ്യക്കാർക്ക് ചെറിയ പൊതികളിലാക്കിയാണ് വില്പന നടത്തിയിരുന്നതെന്ന് എളമക്കര പോലീസ് ഇൻസ്പെക്ടർ എസ്.ആർ. സനീഷ് പറഞ്ഞു.
മുന്പും ഇയാൾ ഇത്തരത്തിൽ വൻ തോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.