കോട്ടയം: കഞ്ചാവും കുരുമുളക് സ്പ്രേയുമായി ഏറ്റുമാനൂർ എക്സൈസ് അധികൃതർ പിടികൂടിയ 15 വയസുകാരനെ കൗണ്‍സിലിംഗിനു വിധേയനാക്കും.ഏറ്റുമാനൂർ എക്സൈസ് ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ നേതൃത്വത്തിൽ മാന്നാനം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് അലോട്ടി സംഘത്തിലുണ്ടായിരുന്ന പത്താം ക്ലാസുകാരൻ പിടിയിലായത്. ഇവനെ ഇന്നലെ ജുവനൈൽ ജസ്റ്റിസ് ബോർഡ് മുന്‍പാകെയാണു ഹാജരാക്കിയത്.
കഞ്ചാവ് വില്പന നടത്തുന്ന ഒരു ഫോണ്‍ നന്പരിൽ ബന്ധപ്പെട്ട് ആവശ്യക്കാരെന്ന രീതിയിൽ വിളിച്ച് വരുത്തിയപ്പോൾ കഞ്ചാവുമായി എത്തിയത് പത്താം ക്ലാസുകാരനായിരുന്നു. പിടികൂടാൻ ശ്രമിച്ചപ്പോൾ ആക്രമണ സ്വഭാവം കാണിച്ച് പോക്കറ്റിൽ നിന്നും കുരുമുളക് സ്പ്രേ അടിക്കാൻ ശ്രമിച്ചെങ്കിലും പെട്ടെന്ന് തന്നെ പിടികൂടി.
നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥിയാണു പത്താം ക്ലാസുകാരൻ. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ ബിനോദ്, സന്തോഷ് കുമാർ, സിവിൽ ഓഫീസർമാരായ ശ്രീകാന്ത്, രഞ്ജിത്ത് നന്ത്യാട്ട്, ജെക്സി ജോസഫ്, ജോബി, വിനോദ് കുമാർ, ആരോമൽ, സുരേഷ് ബാബു എന്നിവർ പങ്കെടുത്തു.