ആലപ്പുഴ: മണ്ണഞ്ചേരിയിൽ എംഡിഎംഎ, കഞ്ചാവ്, നൈട്രോസൽഫാം ഗുളിക എന്നിവയുടെ മാരക ശേഖരം പിടികുടി. ചേർത്തല കുതിരക്കാട്ട് വെളി കാവുങ്കൽ അതുൽരാജ് (26) എന്നയാളെയാണ് പിടികുടിയത്.
ജില്ലാ പോലീസിനു കിട്ടിയ രഹസ്യ വിവരത്തെത്തുടർന്ന് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മണ്ണഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 50 ഗ്രാം എംഡിഎംഎയും 200 ഗ്രാം കഞ്ചാവും 25 നൈട്രോസെൽഫാം ഗുളികയുമായി അതുൽ രാജിനെ വളവനാട് കോൾഗേറ്റ്- കാവുങ്കൽ റോഡിൽനിന്നു പിടികൂടിയത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് മൂന്നു ലക്ഷം രൂപയ്ക്ക് മുകളിൽ വിപണിയിൽ വിലവരും. ബംഗളൂരുവിൽനിന്നു നിസാര വിലയ്ക്കു വാങ്ങി ഇവിടെയുള്ള ചെറുകിട കച്ചവടക്കാർക്ക് ഒരു ഗ്രാമിന് 4000 രുപയ്ക്കാണ് വിറ്റിരുന്നത്.
മാസത്തിൽ രണ്ടും മുന്നും പ്രാവശ്യം ബംഗളൂരുവിൽപോയി മയക്കുമരുന്ന് വാങ്ങി ഇവിടെ വിൽക്കുകയായിരുന്നു. ഇയാൾ ആദ്യമായാണ് പോലിസ് പിടിയിലാകുന്നതെന്നും ഇയാൾ വെറും ഇടനിലക്കാരനാണെന്നും മയക്കുമരുന്ന് എത്തിച്ച് നൽകിയവരെക്കുറിച്ചും മറ്റും വിശദമായി അന്വേഷണം നടത്തുമെന്നും പോലീസ് പറഞ്ഞു.
മാസങ്ങളായി ജില്ലാ ലഹരി വിരുദ്ധ സംഘം ഇയാളെ നിരീക്ഷിച്ചു വരികയായിരുന്നു. നർകോട്ടിക് സെൽ ഡിവൈഎസ്പി സജിമോൻ, ആലപ്പുഴ ഡിവൈഎസ്പി ജയരാജ് എന്നിവരുടെ നിർദേശത്തിലാണ് പരിശോധനയും മരുന്നുകൾ പിടികൂടിയതും.