ആലപ്പുഴ: കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണ്. യു.പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ എക്സൈസിനെതിരെ മന്ത്രി സജി ചെറിയാൻ.
ബുധനാഴ്ച കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു കഞ്ചാവ് കേസ് നിസാര വത്കരിച്ച് മന്ത്രി എക്സൈസിനെ കുറ്റപ്പെടുത്തിയത്. എഫ്ഐആർ താൻ വായിച്ചതാണ്. അതിൽ മോശപ്പെട്ടതായി ഒന്നുമില്ല. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്ഐആറിൽ പറയുന്നത്.
കുഞ്ഞുങ്ങളല്ലേ അവർ വർത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോൾ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കിൽ തെറ്റാണ്.
പ്രതിഭയുടെ മകൻ ഇങ്ങനെ ഒരു കാര്യത്തിൽ കൂട്ടുകൂടി. അതിന് പ്രതിഭ എന്ത് വേണം. അവർ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേയെന്നും മന്ത്രി ചോദിച്ചു.
താനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി.വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണെന്നും മന്ത്രി പറഞ്ഞു.