ചാലക്കുടി: ജില്ലയിൽ കഞ്ചാവു കച്ചവടം നടത്തുന്ന ബംഗളൂരുവിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ പരിയാരം സ്വദേശി അറസ്റ്റിൽ. പരിയാരം തെക്കൻ ജിത്തു ജോസഫി(23)നെയാണ് എസ്ഐ ജയേഷ് ബാലൻ അറസ്റ്റുചെയ്തത്. ബംഗളൂരുവിലെ മാടിവളയിൽനിന്നു കഞ്ചാവു വാങ്ങി അതിരാവിലെ തൃശൂരിലെത്തുന്ന അന്തർസംസ്ഥാന സ്വകാര്യബസുകളിലും രാത്രിയിൽ ബൈക്കിലുമാണ് നാട്ടിലെത്തിച്ചിരുന്നത്.
36 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന അരക്കിലോ കഞ്ചാവ് ഇയാളിൽനിന്നു പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രി പരിയാരത്തുവച്ചാണ് ഇയാൾ പോലീസ് പിടിയിലായത്. ബംഗളൂരുവിലെ ഹൈടെക് ആഘോഷങ്ങൾക്കും വിനോദങ്ങൾക്കും പണം കണ്ടെത്താനുള്ള മാർഗമാണ് ഇയാൾക്കു കഞ്ചാവു കച്ചവടം. വർഷങ്ങളായി കഞ്ചാവ് ഉപയോഗിക്കുന്ന യുവാവു മയക്കുമരുന്നിന് അടിമയാണെന്നു പോലീസ് പറഞ്ഞു.
ഇയാളുടെ വാട്സ്ആപ് ഗ്രൂപ്പുകൾ പോലീസ് പരിശോധിച്ചുവരികയാണ്. കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ചില്ലം, ഹുക്ക തുടങ്ങിയ ഉപകരണങ്ങളും ഇയാളുടെ പക്കലുണ്ടായിരുന്നു. സോഷ്യൽ മീഡിയ വഴി ഇവയുടെ വില്പനയും നടത്തിയിരുന്നു. തൃശൂർ, മണ്ണുത്തി, ചാലക്കുടി, പരിയാരം മേഖലയിലെ കഞ്ചാവ് വില്പനയുടെ പ്രധാനിയായ ഇയാൾ മുന്‍പ് രണ്ടുതവണ പോലീസ് പിടിയിലായിട്ടുണ്ട്.
ഓണ്‍ലൈൻ വഴി പണം അടപ്പിച്ചശേഷം സുരക്ഷിത സ്ഥലത്ത് ഉപകരണങ്ങൾ എത്തിച്ചുകൊടുക്കുകയാണു പതിവ്.
ജൂനിയർ എസ്ഐ വി.രാജേഷ്, സീനിയർ സിപിഒ എ.വി.ലാലു, സി.ആർ.രാജേഷ്, രാജേഷ് ചന്ദ്രൻ, എ.യു.റെജി, കെ.പ്രവീണ്‍ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.