തലശേരി: 10 കിലോ കഞ്ചാവുമായി പിടിയിലായ കൂത്തുപറമ്പ് മെരുവമ്പായി കിഴക്കെ കരയിൽ അബ്ദുൾ നാസറിന്റെ (46) കൂട്ടാളികളെ പോലീസ് തിരിച്ചറിഞ്ഞു. കൂത്തുപറന്പ് സ്വദേശികളായ രണ്ട് യുവാക്കളാണ് അബ്ദുൾ നാസറിന്റെ കൂടെയുണ്ടായിരുന്നത്. ഇവർക്കായി റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ല. അബ്ദുൾ നാസറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഇന്നലെ പുലർച്ചെ നാല് യുവാക്കൾ പിന്തുടർന്ന് പിടികൂടി കഞ്ചാവ് സഹിതം പോലീസിൽ ഏൽപ്പിച്ച പ്രതിയിൽ നിന്നും ജില്ലയിലെ കഞ്ചാവ് മാഫിയയെ സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങളാണ് പോലീസിന് ലഭിച്ചിട്ടുള്ളത്.അറസ്റ്റിലായ നാസറിനെ ഇന്നലെ ഗുഡ്ഷെഡ് റോഡിലും വടക്കുമ്പാട് കുളി ബസാറിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി.
നാസറിന്റെ മെരുവമ്പായിയിലെ വീട്ടിലും പോലീസ് തെരച്ചിൽ നടത്തി. വിദേശത്ത് നിന്നും നാട്ടിലെത്തിയ നാസർ രണ്ട് വർഷത്തോളം ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഹോട്ടൽ നടത്തിയിരുന്നു. ഈ പരിചയത്തിലാണ് ആന്ധ്രയിലെ കഞ്ചാവ് ലോബിയുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് കഞ്ചാവ് കടത്താൻ തുടങ്ങിയതെന്ന് നാസർ പോലീസിനോട് പറഞ്ഞു.
മുമ്പ് കണ്ണൂരിൽ നിന്ന് നാല് കിലോ കഞ്ചാവുമായി നാസറുൾപ്പെടെ രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ അന്വേഷണം ആന്ധ്രയിലേക്കും വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു.
തലശേരി എഎസ്പി ഡോ.അരവിന്ദ് സുകുമാറിന്റെ നിർദ്ദേശ പ്രകാരം തലശേരി റെയിൽവെ സ്റ്റേഷൻ പരിസരത്ത് ഗുഡ് ഷെഡ് റോഡിലെ ഡിവൈഎഫ്ഐ നേതാവ് ഹനീഫ എന്ന മുഹമ്മദലിയും സുഹൃത്തുകളായ അമർ, അജ്മൽ, ഷാഫി എന്നിവർ കിലോ മീറ്ററ്റുകൾ പിന്തുടർന്ന് നടത്തിയ അതി സാഹസികമായ നീക്കത്തിലാണ് കഞ്ചാവ് മാഫിയ സംഘത്തിന്റെ തലവനായ നാസർ വലയിലായത്.