കോട്ടയം: കഞ്ചാവിനെച്ചൊല്ലി ജില്ലയിൽ കൊലപാതകങ്ങൾപോലും അരങ്ങേറിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നടപടി ശക്തമാക്കി എക്സൈസും പോലീസും. ജില്ലയിൽ മുണ്ടക്കയം, ചങ്ങനാശേരി ഭാഗത്താണ് ഏറ്റവുമധികം കഞ്ചാവ് കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. പള്ളിക്കത്തോട് കഞ്ചാവ് വിൽപനയെ ചോദ്യംചെയ്ത യുവാവിനെ കന്പിവടിക്കു തലയ്ക്കടിച്ചുകൊന്നതാണ് ഒടുവിലത്തെ സംഭവം.
അടുത്തയിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കഞ്ചാവ് കണ്ടെടുത്തതിന്റെ അടിസ്ഥാനത്തിലാണു പരിശോധനകൾ കർശനമാക്കുന്നത്. ദിവസങ്ങൾക്കു മുന്പു വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയിരുന്ന യുവാവിനെ ഏറ്റുമാനൂർ പോലീസ് പിടികൂടിയിരുന്നു.മറ്റു ജില്ലകളെ അപേക്ഷിച്ചു കഞ്ചാവ് കേസുകൾ കോട്ടയത്ത് കുറവാണ്.
കോട്ടയത്ത് കുട്ടികളടക്കമുള്ളവർ കൂടുതലായി കഞ്ചാവിന് അടിമപ്പെടുന്നതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നു. കഞ്ചാവ് കൈവശംവച്ചതിന് കഴിഞ്ഞ വർഷം 420ൽപരം കേസുകളാണു രജിസ്റ്റർ ചെയ്തത്. പിടിക്കപ്പെടുന്നവയിൽ ഭൂരിഭാഗവും ഒരുകിലോഗ്രാമിൽ താഴെ കഞ്ചാവ് കൈവശം സൂക്ഷിക്കുന്നവരാണ്.
കൈയിൽ സൂക്ഷിക്കുന്ന കഞ്ചാവ് ഒരുകിലോഗ്രാമിൽ താഴെയാണെങ്കിൽ ജാമ്യം ലഭിക്കുമെന്ന നിയമത്തിലെ പഴുതുപയോഗിച്ച് രക്ഷപ്പെടാനാണ് വിൽപനക്കാർ ഒരുകിലോഗ്രാമിൽ താഴെമാത്രം കഞ്ചാവ് സൂക്ഷിക്കുന്നത്. ഈ നിയമം ഭേദഗതി ചെയ്യണമെന്ന് എക്സൈസ് വകുപ്പ് കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എക്സൈസ് ജീവനക്കാരുടെ സംഘടനയും ഇതിനുള്ള ശ്രമത്തിലാണ്. ഈവർഷം രജിസ്റ്റർ ചെയ്ത കേസുകളിൽ വിരലിലെണ്ണാവുന്നവ മാത്രമേ ഒരുകിലോഗ്രാമിൽ അധികമായി പിടിച്ചിട്ടുള്ളൂ. മാസങ്ങൾക്കു മുന്പു മുണ്ടക്കയത്തു നിന്നും കോട്ടയത്തിനു പോന്ന കെഎസ്ആർടിസി ബസിൽ നിന്നും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൂന്നുകിലോഗ്രാം കഞ്ചാവ് കണ്ടെടുത്തിരുന്നു.
വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് മാഫിയ പ്രധാനമായും പ്രവർത്തിക്കുന്നത്. 12 വയസ് മുതൽ 20 വയസ് വരെയുള്ള ഉപഭോക്താക്കളെ തേടിയാണ് മാഫിയകൾ വലവീശുന്നത്. തമിഴ്നാട്ടിലെ കന്പം, തേനി എന്നിവിടങ്ങളിൽനിന്നാണു കഞ്ചാവ് കൂടുതലായും എത്തുന്നത്. തമിഴ്നാട്ടിലെ നാമക്കൽ അടക്കമുള്ള പ്രദേശങ്ങളിലാണ് കഞ്ചാവ് സുലഭമായി ലഭിക്കുന്നത്.
കോട്ടയത്തെത്തുന്നവയിൽ ഭൂരിഭാഗവും തമിഴ്നാട്ടിൽനിന്നാണ്. നാമക്കലിൽ കഞ്ചാവിനു വില കിലോഗ്രാമിനു 15,000 രൂപ മാത്രം. ഇവിടെയെത്തുന്പോൾ അത് 50,000രൂപ വരെയാകും. ചെറിയ പൊതികളിലാക്കി 500 രൂപയ്ക്കാണു വിൽപന. മുൻ കാലങ്ങളിൽ നിന്നും വീപരിതമായി കെഎസ്ആർടിസി ബസുകളിലും ആഡംബര വാഹനങ്ങളിലുമാണു കഞ്ചാവ് ജില്ലയിൽ എത്തിക്കുന്നതെന്നാണു പോലീസും എക്സൈസ് അധികൃതരും പറയുന്നത്.
ഏതാനും നാളുകൾക്കു മുന്പു കോട്ടയം നഗരത്തിലെ വീട്ടിൽ നിന്നും അരക്കോടിയുടെ ഹാഷിഷ് ഓയിലുമായി യുവാവിനെ എക്സൈസ് അധികൃതർ പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണവും എങ്ങുമെത്തിയിട്ടില്ല. ഇതിനു പുറമെ നഗരത്തിലെ ലോഡ്ജിൽ നിന്നും കഞ്ചാവുമായി യുവതി ഉൾപ്പെടെയുള്ളവരെയും പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ അന്വേഷണവും ഏതാണ്ട് നിലച്ചിരിക്കുകയാണ്.