അടൂര്‍: കഞ്ചാവ് കേസില്‍ ജാമ്യം നില്‍ക്കാത്തതിലുള്ള വിരോധം നിമിത്തം വീടുകയറി ആക്രമണം നടത്തിയ അഞ്ചംഗസംഘം അറസ്റ്റില്‍.
പഴകുളം ഭവദാസന്‍ മുക്കിലുള്ള പൊന്മാന കിഴക്കേതില്‍ വീട്ടില്‍ അതിക്രമിച്ച് കയറി, വീടിന്റെ മുന്‍ വശം ജനല്‍ ഗ്ലാസുകള്‍ അടിച്ചു തകര്ക്കുകയുംവീട്ടുകാര്ക്കുനേരെ വധഭീഷണി മുഴുക്കുകയും വീട്ടമ്മയെ ആക്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്.
പള്ളിക്കല്‍ പഴകുളം ശ്യാമിനി ഭവനത്തില്‍ ശ്യാംലാല്‍ (32), പാലമേള് ആദിക്കാട്ടുകുളങ്ങര മണ്ണുംപുറത്ത് കിഴക്കേതില്‍ ആഷിഖ് (23), പഴകുളം പന്ത്രോംകുഴിയില് ഷെഫീഖ് (36), പഴകുളം അനില്‍ ഭവനില്‍ അനീഷ് (36), കുടശനാട് വട്ടയത്തിനാല്‍ തെക്കേക്കര മുരളിഭവനത്തില്‍ അരുണ്‍ (26) എന്നിവരാണ് അടൂര്‍ പോലീസിന്റെ പിടിയിലായത്.
വീട്ടമ്മയായ സലീനയുടെ പരാതിയിലാണ് നടപടി. തന്നെ അപമാനിച്ചതായും മാരകമായി ആക്രമിച്ചതായും സലീനയുടെ പരാതിയില്‍ പറയുന്നു.
ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. അഞ്ചംഗം സംഘം വീട്ടില്‍ അതിക്രമിച്ചു കയറി അസഭ്യം വിളിക്കുകയും വീട്ടുകാരെ കൈയേറ്റം ചെയ്യുകയും വീടിനു കേടുപാടുകള്‍ വരുത്തുകയുമായിരുന്നു.
വീട്ടുകാര്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തുകയും മൊഴി വാങ്ങി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി അഞ്ചംഗ സംഘത്തെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.
അടൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സംഘത്തെ റിമാന്‍ഡ് ചെയ്തു.