തൊടുപുഴ: ബുക്കുകളുടെ മറവിൽ ലോറിയിൽ കഞ്ചാവ് കടത്തിയ പ്രതികൾക്ക് 14 വർഷം കഠിന തടവും പിഴയും.
കോട്ടയം നാട്ടകം മൂലേടം കുറ്റിക്കാട്ട് വീട്ടിൽ അനന്തു കെ. പ്രദീപ് (29), വൈക്കം കല്ലറ പുതിയ കല്ലുമേടയിൽ അതുൽ റെജി (അച്ചു-34) എന്നിവരെയാണ് 62.5 കിലോ കഞ്ചാവ് കടത്തിയതിന് തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ 14 വർഷം കഠിന തടവിനും 1,00,000 രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും ശിക്ഷിച്ചത്.
ഏറ്റുമാനൂർ – കോട്ടയം റൂട്ടിൽ പാറോലിക്കൽ കൈതമല മൂഹിയുദ്ദീൻ പള്ളിയുടെ മുൻവശത്ത് വച്ചാണ് ലോറിയിൽ കഞ്ചാവ് കയറ്റി കൊണ്ടുവരുന്നതിനിടെ പ്രതികൾ പിടിയിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. അനികുമാർ, എൻഫോഴ്സ്മെന്റ് എക്സൈസ് സിഐ ജി. കൃഷ്ണകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
ക്രൈംബ്രാഞ്ച് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എച്ച്. നൂറുദ്ദീനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.