കോട്ടയം: കോട്ടയത്ത് ഒഡീഷ സ്വദേശിയിൽ നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ പോയ സഹപ്രവർത്തകനെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ചെരുപ്പുകടയിൽ ജോലി ചെയ്യുന്ന ഒഡീഷ സ്വദേശി സത്യനാരായണ് ജനയെയാണ് (28) കഞ്ചാവുമായി കഴിഞ്ഞ ആറിന് പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ പിടികൂടിയ സംഭവം അറിഞ്ഞയുടൻ ചെരുപ്പുകടയിൽ ജോലി ചെയ്തിരുന്ന കുടമാളൂർ സ്വദേശി മുങ്ങിയെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്.
സത്യനാരായണയുമായി സുഹൃദ്ബന്ധമുള്ളവർക്ക് കഞ്ചാവ് കച്ചവടത്തിൽ ബന്ധമുണ്ടോ എന്നു പോലീസ് അന്വേഷണം ആരംഭിച്ചയുടനാണ് ഇയാൾ മുങ്ങിയത്. ഇതോടെ കഞ്ചാവ് വിതരണത്തിൽ സത്യനാരായണയുമായി കോട്ടയത്തെ പലർക്കും ബന്ധമുണ്ടോ എന്ന സംശയം പോലീസിനുണ്ട്. സത്യനാരായണയെ പിടികൂടിയ ഉടൻ യുവാവ് മുങ്ങിയത് എന്തിനെന്ന ചോദ്യം അവശേഷിക്കുന്നു.
മറ്റൊരു സംശയം അഞ്ചുകിലോഗ്രാം കഞ്ചാവ് കൊണ്ടുവന്നതിൽ രണ്ടു കിലോയാണ് പോലീസ് പിടികൂടിയത്. ബാക്കി മൂന്നുകിലോ എവിടെ എന്ന ചോദ്യമുയരുന്നു. ചെരുപ്പുകടയിൽ നിന്ന് മുങ്ങിയ യുവാവാണ് ബാക്കി കഞ്ചാവിന്റെ വിതരണക്കാരൻ എന്ന സംശയത്തിലാണ് പോലീസ്.
കഞ്ചാവ് കോട്ടയത്ത് എത്തിച്ചത് പ്രതി സത്യനാരായണുടെ ഭാര്യയുടെ സഹോദരനാണെന്ന് ഇയാൾ പോലീസിന് മൊഴി നല്കി. ബാക്കി കഞ്ചാവ് അയാൾ കൊണ്ടുപോയി എന്നാണ് പ്രതി പറയുന്നത്. ഇത് പോലീസ് വിശ്വസിക്കുന്നില്ല. കഞ്ചാവ് എത്തിച്ച ഒഡീഷ സ്വദേശിയെയും പിടികൂടേണ്ടതുണ്ട്. തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ്.
വെസ്റ്റ് സിഐ നിർമൽ ബോസ്, ഈസ്റ്റ് എസ്ഐ ടി.എസ്.റെനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. പ്രതി താമസിക്കുന്ന മാർക്കറ്റിലെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.