ചാലക്കുടി: ദേശീയപാതയിലൂടെ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുപോയിരുന്ന 180 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റുചെയ്തു.
എറണാകുളം കുന്പളം സ്വദേശികളായ പട്ടത്താനം വിഷ്ണു (25), കൊല്ലംപറന്പൻ സനൂപ് (23), കളമശേരി സ്വദേശി ചെറുപറന്പിൽ സാദിഖ് (27) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി. ഷാജ് ജോസ്, എസ്എച്ച്ഒ കെ.എസ്.സന്ദീപ്, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അറസ്റ്റുചെയ്തത്.
ആന്ധ്രയിൽനിന്നും എറണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ പോട്ട കോസ്മോസ് ക്ലബ്ബിനു സമീപം ഇന്നലെ രാവിലെ എട്ടോടെ പോലീസ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
കാറിന്റെ ഡിക്കിയിൽ 82 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.ചാലക്കുടി തഹസിൽദാർ പി.ആർ. രാജുവിന്റെ നേതൃത്വത്തിലാണു കഞ്ചാവുപൊതികൾ പോലീസ് പരിശോധിച്ചത്. രണ്ടു കിലോയിലധികം വരുന്ന പൊതികളായാണ് ഇവ സൂക്ഷിച്ചിരുന്നത്.
കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും പ്രതികൾക്കു സാന്പത്തിക സഹായം ചെയ്തവരെക്കുറിച്ചും ഇവരിൽനിന്നും കഞ്ചാവു വാങ്ങി ചില്ലറവില്പന നടത്തുന്നവരെക്കുറിച്ചും പോലീസ് അന്വേഷിച്ചുവരുന്നു. പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
ക്രൈംബ്രാഞ്ച് സിഐ മുഹമ്മദ് റാഫി, എസ്ഐമാരായ സജി വർഗീസ്, ടി.വി. ഡേവിസ്, എഎസ്ഐമാരായ ജോബ്, ജയകൃഷ്ണൻ, അഭിലാഷ്, സീനിയർ സിപിഒമാരായ ലിജു ഇയ്യാനി, സൂരജ് വി. ദേവ്, മാനുവൽ, മിഥുൻ, കൊരട്ടി സിപിഒമാരായ രഞ്ജിത്ത്, വിപിൻ, സജി എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.