അഗളി : പുതൂർ പഞ്ചായത്തിൽ ഇടവാണി ഭാഗത്തു നിന്നും മൂന്നുകിലോമീറ്റർ വനാന്തർ ഭാഗത്ത് കൃഷിചെയ്തിരുന്ന 373 കഞ്ചാവ് ചെടികൾ വനപാലകർ കണ്ടെത്തി നശിപ്പിച്ചു.
പുതൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ. മനോജിന്റെ നേതൃത്വത്തിൽ പത്തംഗ സംഘമാണ് റൈഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.ഒരുമാസം വളർച്ചയുള്ള കഞ്ചാവു ചെടികളാണ് കണ്ടെത്തിയതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു.
കാട്ടരുവിയുടെ സമീപത്തായി പത്തു സെന്റോളം സ്ഥലത്ത് പ്രത്യേകം തയ്യാറാക്കിയ തടങ്ങളിലായിരുന്നു കഞ്ചാവ് കൃഷി. ചെടികൾക്ക് പ്രയോഗിക്കുന്നതിനായി വച്ചിരുന്ന രാസവളവും മറ്റു വസ്തുക്കളും കണ്ടെത്തി നശിപ്പിച്ചു.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ഫോറസ്റ്റ് അധികൃതർ പറഞ്ഞു.ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ. മനോജ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഉണ്ണികൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജെ.ജിനു, വാച്ചർമാരായ മല്ലീശ്വരൻ, സതീഷ്, രംഗൻ, മുരുകൻ, കാളിമുത്തു, കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.