പത്തനംതിട്ട: വീട്ടുവളപ്പില്‍ വളര്‍ത്തിയ നിലയില്‍ കണ്ടെത്തിയ കഞ്ചാവ് ചെടി പോലീസ് പിടികൂടി.
ആന്റി നര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സ് (ഡാന്‍സാഫ്) സംഘവും കോയിപ്രം പോലീസും ചേര്‍ന്ന് കോയിപ്രം പുറമറ്റം മുണ്ടുമല ഐപിസി ചര്‍ച്ചിന്റെ പിറകിലുള്ള കളത്തിന്റെ വടക്കേതില്‍ സുകുമാരന്റെ വീടിനു കിഴക്കുവശം പറമ്പില്‍ നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.
ഇയാളുടെ മകന് സുനിലി (22)നെതിരേ കോയിപ്രം പോലീസ് കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
രാത്രിയിലെ തെരച്ചിൽ
സുനില്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി വളര്‍ത്തുന്നതായുള്ള രഹസ്യവിവരം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ചതിനെതുടര്‍ന്നാണ് പോലീസ് നടപടി.
ജില്ലയില്‍ അപൂര്‍വമായാണ് കഞ്ചാവ് ചെടി വളര്‍ത്തുന്ന നിലയില്‍ പോലീസ് കണ്ടെത്തുന്നത്. കഞ്ചാവ് ചെടി വച്ചുപിടിപ്പിച്ച് പരിപാലിച്ചു വളര്‍ത്തിവരികയായിരുന്നു പ്രതി.
വ്യാഴാഴ്ച രാത്രി ഏഴിനു ശേഷമാണ് ഡാന്‍സാഫ് സംഘം കോയിപ്രം എസഐ അനൂപിന്റെ നേതൃത്വത്തിലുള്ള സംഘവും വീട്ടുടമസ്ഥനായ സുകുമാരനുമായി എത്തി പറമ്പില്‍ ചെടി കണ്ടെത്തിയത്.
കോയിപ്രം എസ്ഐക്കൊപ്പം എസ്ഐ മോഹനന്, എഎസ്ഐ വിനോദ്, ഡാന്‍സാഫ് ടീം അംഗങ്ങളായ എസ്ഐ അജി ശാമുവല്‍, എഎസ്ഐ അജികുമാര്‍, സിപിഒമാരായ മിഥുന്, ബിനു, ശ്രീരാജ്, അഖില്‍, സുജിത് എന്നിവരാണ് ഉണ്ടായിരുന്നത്.
നിരീക്ഷണത്തിലായിരുന്നു
പ്രതിയായ സുനില്‍ ഉപയോഗത്തിനും വില്പനയ്ക്കും വേണ്ടിയാണ് ചെടി വളര്‍ത്തിയതെന്ന് ബോധ്യമായിട്ടുണ്ടെന്നും, ഇയാള്‍ നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നുവെന്നും ഇത്തരം സാമൂഹിക വിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടി തുടരുന്നതിന് എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ജില്ലാ പോലിസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന് അറിയിച്ചു.
പ്രതിയെ പിടികൂടുന്നതിന് എസ്ഐ അനൂപിന്റെ നേതൃത്വത്തില്‍ അന്വേഷണം വ്യാപിപ്പിച്ചതായും ജില്ലാ പോലീസ് മേധാവി പറഞ്ഞു.