ഏറ്റുമാനൂർ: നീണ്ടൂരിൽ വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു. കൈപ്പുഴ പള്ളിത്താഴെ രാജീവ് ഗാന്ധി കോളനി നെടുംപുറത്ത് സോനു പ്രസാദ് (26) ആണ് പിടിയിലായത്. വീടിന്റെ മുറ്റത്ത് ചെടിച്ചട്ടികളിൽ വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് കസറ്റഡിയിലെടുത്തു.
കന്പത്തു നിന്നു വാങ്ങുന്ന കഞ്ചാവിന്റെ അരി മണ്ണിൽ പാകി കിളിർപ്പിച്ച ശേഷം ചെടിച്ചട്ടികളിൽ നടുകയായിരുന്നു. ആരും തിരിച്ചറിയാതിരിക്കാനായി കഞ്ചാവ് ചെടിയുടേതിന് സമാനമായ ഇലകളുള്ള ചെടികൾക്കൊപ്പമാണ് ഇയാൾ കഞ്ചാവ് ചെടികൾ വളർത്തിയിരുന്നത്. ജില്ലാ പോലീസ് മേധാവി വി. എം. മുഹമ്മദ് റഫീക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
കഞ്ചാവ് ചെടികൾ സുഹൃത്തുക്കൾക്ക് നൽകിയതായി ഇയാൾ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കഞ്ചാവ് കേസുകൾ ഉൾപ്പെടെ ഇരുപതോളം കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് വില്പനയ്ക്ക് പോലീസും എക്സൈസും മുന്പ് ഇയാളെ പിടികൂടിയിട്ടുണ്ട്. അടിപിടി, വധശ്രമ കേസുകളിലും പ്രതിയായിട്ടുണ്ട്.
കഞ്ചാവ് കടത്തിയതിന് കന്പംമേട് പോലീസ് പിടികൂടിയ ഇയാൾ നാലു മാസം മുന്പാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. കന്പം, ഗൂഡല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് കഞ്ചാവ് കടത്തി കൊണ്ടുവന്ന് ചെറു പൊതികളാക്കി ചെറുപ്പക്കാർക്ക് വിൽക്കുകയാണ് പതിവ്.
ഡി വൈ എസ് പി മാരായ ജെ സന്തോഷ് കുമാർ, സക്കറിയ മാത്യു എന്നിവരുടെ നിർദേശാനുസരണം ഏറ്റുമാനൂർ സി ഐ. എ. ജെ. തോമസ്, എസ് ഐ പ്രശാന്ത് കുമാർ, ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡിൽ അംഗങ്ങളായ എഎസ്ഐ മുഹമ്മദ് നൗഷാദ്, സിവിൽ പോലീസ് ഓഫീസർമാരായ ആന്റണി സെബാസ്റ്റ്യൻ, പ്രദീഷ് രാജ്, സാജു പി. മാത്യു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.